ഗുഡ്ഗാവ് : ഇടുക്കി സ്വദേശിയായ എയര്‍ ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ ഹരിയാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു-സീമ ദമ്പതിമാരുടെ മകള്‍ ശ്രീലക്ഷ്മി (24)യെയാണ് ഹരിയാനയിലെ ഗുഡ്ഗാവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറ് മാസത്തെ പരിശീലനത്തിന് ശേഷം ജൂണ്‍ ആറിനാണ് ശ്രീലക്ഷ്മി എയര്‍ ഇന്ത്യയില്‍ ജോലിക്ക് ചേര്‍ന്നത്. കഴിഞ്ഞ മെയ് രണ്ടാമത്തെ ആഴ്ച വീട്ടിലെത്തിയ ശ്രീലക്ഷ്മി ജൂണ്‍ രണ്ടിനാണ് ഹരിയാനയിലേക്ക് തിരികെ പോയത്.
ശ്രീലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചതായാണ് ഗുഡ്ഗാവ് പോലീസ്, തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാവിലെ വിളിച്ചറിയിച്ചത്. ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി ശ്രീലക്ഷ്മി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ പറയുന്നു. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍. സഹോദരി: ശ്രീദേവിക
