‘തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല’

കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന ആരോപണവുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി. പണം തട്ടിയവരെ അറിയാം. ആരെയും വെറുതെ വിടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

‘കുറേ വിദ്വാന്മാര്, തെരഞ്ഞെടുപ്പ് ചെലവിനായി ഞാന്‍ കൊടുത്ത ഫണ്ട് ബൂത്തിലേക്ക് കൊടുക്കാതെ അതു തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആ മണ്ഡലം പ്രസിഡന്റുമാരെയൊക്കെ നോട്ടു ചെയ്തിട്ടുണ്ട്. മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു. ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു, യുഡിഎഫിന് ആവശ്യമുള്ളത് കൊടുത്തു.’

‘ബൂത്തില്‍ കൊടുത്ത പൈസ ബൂത്ത് കമ്മിറ്റിക്ക് ചെലവഴിക്കാനുള്ളതാണ്. അതൊന്നും എടുത്തുമാറ്റാന്‍ ആരെയും സമ്മതിക്കില്ല. ഇതു ചെയ്ത ആളുകളെയെല്ലാം തനിക്ക് അറിയാമെന്നും’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 15 ന് നടന്ന മുന്‍ ഡിസിസി പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന നേതാവുമായിരുന്ന പെരിയ ഗംഗാധരന്‍ നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെളിപ്പെടുത്തല്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പലരും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഈശ്വരവിശ്വാസിയായ തനിക്കെതിരെ പലതും പ്രയോഗിച്ചു. തന്നെ തോല്‍പ്പിക്കാന്‍ കൂടോത്രം വരെ ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!