ന്യൂഡൽഹി : റീൽസ് ചിത്രീകരിക്കാനായി തിരക്കുള്ള നടുറോഡിൽ വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച യുവാവ് പിടിയിൽ. 26 കാരനായ വിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ജിടി കർണാൽ റോഡിലാണ് യുവാവ് വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചത്. ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞദിവസം ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയകളിൽ വൈറലായതോടെയാണ് വിപിനെ പോലീസ് പിടികൂടിയത്. നടുറോഡിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്ക്. അതിന് സമീപത്ത് വച്ച കസേരയിൽ വിപിൻ വന്ന് ഇരിക്കുന്നതുമാണ് വൈറലായ വീഡിയോ. വിപിനെതിരെ മോട്ടോർ വാഹന നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇയാളുടെ ബൈക്കും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കി. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഇവനെ അറസ്റ്റ് ചെയ്തത് ശരിയായ കാര്യം , നിയമം നടപ്പിലാക്കിയതിന് നന്ദി, റീലുകൾ നിർമ്മിക്കാൻ ആളുകൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് കുറ്റം തന്നെയാണ് , കനത്ത പിഴ തന്നെ ചുമത്തണം എന്നിങ്ങനെയാണ് കമന്റുകൾ.
