ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഝാര്‍ഖണ്ഡില്‍ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആറിലധികം റാലികളില്‍ പങ്കെടുക്കും.
288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. എന്‍ഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
ശിവസേനയും എന്‍സിപിയും രണ്ടായി പിളര്‍ന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഇപ്പോഴുള്ള സര്‍ക്കാരിന്റെ കാലാവധി 26ന് പൂര്‍ത്തിയാകുന്നതിനാല്‍ അതിനുമുമ്പ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടതുണ്ട്.23ന് വോട്ടെണ്ണല്‍ നടക്കും.
ഝാര്‍ഖണ്ഡിലും രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രണ്ടാംഘട്ടത്തില്‍ 38 മണ്ഡലങ്ങള്‍ വോട്ടെടുപ്പ് നടത്തും. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍, ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബാബുലാല്‍ മറാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രണ്ടാം ഘട്ടത്തിലാണ് മത്സരിക്കുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് ആറിലധികം റാലികളില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പങ്കെടുക്കും. നാല് മണ്ഡലങ്ങളിലെ റാലികളില്‍ കല്‍പ്പനയും പങ്കെടുക്കും.