നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക്, കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തെ കണ്ട് മോചനത്തിനുള്ള ചർച്ച നടത്തും

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യമനിലേക്ക് പോകും. ശനിയാഴ്ച കൊച്ചിയിൽ നിന്ന് മുംബൈ വഴിയാണ് ഇരുവരും യെമനിലേക്ക് തിരിക്കുന്നത്.

മകളെ കാണാനും, മോചനത്തിനായി കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തെ കണ്ട് ദയാധനത്തെ സംബന്ധിച്ചുള്ള ചർച്ച നടത്താനുമാണ് പോകുന്നതെന്നാണ് വിവരം.

മുംബൈയിൽ നിന്ന് യെമനിലെ എഡെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യമെത്തുക. അവിടെ നിന്ന് കരമാർഗം സനയിലേക്ക് പോകും. ഞാറാഴ്ചയോ, തിങ്കളാഴ്ചയോ ഇരുവരും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ചേക്കും.

നിലവിൽ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. യമനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സഹചര്യത്തിൽ സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!