എരുമേലി: പമ്പയാറിന്റെ ഇരുകരകളിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങളില്‍ നാലുപതിറ്റാണ്ടിലേറെ കത്തുകള്‍ എത്തിച്ച കണമലക്കാരുടെ പോസ്റ്റുമാന്‍ ദാസന്‍പിള്ളച്ചേട്ടന്‍ എന്ന ശിവന്‍പിള്ളക്ക് ഇനി വിശ്രമജീവിതം.
രണ്ട് തോളിലും സഞ്ചികളില്‍ നിറഞ്ഞ കത്തുകളുമായി പമ്പയ്ക്ക് അക്കരെയും ഇക്കരെയും കടത്തു വള്ളത്തില്‍ വന്നിറങ്ങി ചെറുചിരിയോടെ നാട്ടുകാരോട് വിശേഷങ്ങള്‍ തിരക്കി കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് തപാലുകള്‍ കൃത്യതയോടെ എത്തിക്കുന്നയാളായിരുന്നു ശിവന്‍പിള്ള.
120 രൂപ ശമ്പളത്തില്‍ തുലാപ്പള്ളി പോസ്റ്റ് ഓഫീസില്‍ പോസ്റ്റുമാനായി 1982ല്‍ ജോലി തുടങ്ങിയ മൂലക്കയം ഓലിക്കര ദാസന്‍ പിള്ള എന്ന ശിവന്‍ പിള്ള (65) 42 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ശേഷമാണ് കഴിഞ്ഞ ദിവസം വിരമിച്ചത്. ഒരേ ഓഫീസില്‍ 42 വര്‍ഷം പോസ്റ്റുമാനായി ജോലി ചെയ്ത അപൂര്‍വം ചിലരില്‍ ഒരാളാണ് ശിവന്‍പിള്ള.
വര്‍ഷങ്ങളോളം ദിവസവും കടത്തുവള്ളത്തില്‍ പമ്പയാര്‍ താണ്ടി കത്തുകളുമായി കുറഞ്ഞത് 60 കിലോമീറ്റര്‍ ദൂരം നടന്നായിരുന്നു ആദ്യ കാലത്ത് ജോലിയെന്ന് ശിവന്‍പിള്ള ഓര്‍ത്തെടുക്കുന്നു.
അന്ന് കണമലയിലും എയ്ഞ്ചല്‍വാലിയിലും പാലങ്ങളില്ല. കാല്‍നടയാണ് യാത്രകള്‍. മുക്കൂട്ടുതറയില്‍ നിന്നും തലച്ചുമടായിട്ടാണ് തപാല്‍ ഉരുപ്പടികള്‍ എത്തിച്ചിരുന്നത്. ഈ ജോലി ചെയ്യുന്നവര്‍ക്ക് മെയില്‍ കാരിയര്‍ എന്നായിരുന്നു വിളിപ്പേര്. എരുത്വാപ്പുഴ വരെ ഒരാള്‍ എത്തിക്കും. അടുത്തയാള്‍ കണമലയില്‍ എത്തിച്ച ശേഷം കടത്തുവള്ളത്തില്‍ അക്കരെ കടന്ന് തുലാപ്പള്ളി പോസ്റ്റ് ഓഫീസില്‍ എത്തിക്കും. ഇവിടെ നിന്നും ശിവന്‍ പിള്ള സഞ്ചികളിലാക്കി എയ്ഞ്ചല്‍വാലിയില്‍ കടത്തുവള്ളത്തില്‍ പമ്പയാര്‍ കടന്ന് മൂലക്കയം ചുറ്റി നടന്ന് വിതരണം ചെയ്യും. തുടര്‍ന്ന് തിരികെ വീണ്ടും പമ്പയാര്‍ അക്കരെ കടന്ന് കിലോമീറ്ററുകള്‍ താണ്ടി മേല്‍വിലാസക്കാരെ കണ്ട് കത്തുകള്‍ നല്‍കി രാത്രിയോടെ വീടണയും.
ആധുനിക സാങ്കേതിക വിദ്യകള്‍ പ്രചാരത്തില്‍ ആയതോടെ സഞ്ചിക്ക് ഭാരം കുറഞ്ഞെങ്കിലും പഴയ നടപ്പ് കുറഞ്ഞില്ല. ആദ്യം ഇഡി ജീവനക്കാരനായിരുന്നു. തുടര്‍ന്ന് ഗ്രാമീണ്‍ ഡാല്‍ക് സേവക് ആയി മാറിയതോടെ ശമ്പള വര്‍ധനവുണ്ടായി. ഒടുവില്‍ വേതനം 22000 രൂപയിലേക്ക് എത്തിയപ്പോഴേക്കും വിരമിക്കലായി.
കഴിഞ്ഞ ദിവസം നടന്ന വിരമിക്കല്‍ ചടങ്ങില്‍ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പാണ് ഓഫീസില്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നല്കിയത്. ഭാര്യ സരസ്വതിയമ്മ. രാജീവ്, രമ്യ, രാജേഷ് എന്നിവരാണ് മക്കള്‍.