എംവി റൂയൻ ദൗത്യം അവസാനിച്ചു ; 35 സോമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി ഇന്ത്യൻ നാവികസേന


മുംബൈ : കപ്പൽ കൊള്ള തടയുന്നതിനായി അറബിക്കടലിൽ നടന്ന ഓപ്പറേഷനിൽ കീഴടക്കിയ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന പോലീസിന് കൈമാറി. മുംബൈ പോലീസിനാണ് പിടികൂടിയ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന കൈമാറിയിട്ടുള്ളത്. 35 സോമാലിയൻ കടൽക്കൊള്ളക്കാരെയാണ് നാവികസേന മുംബൈ പോലീസിന് കൈമാറിയത്. നാവികസേനയുടെ ഐ എൻ എസ് കൊൽക്കത്ത യുദ്ധക്കപ്പലിൽ ആയിരുന്നു സോമാലിയൻ കടൽ കൊള്ളക്കാരെ മുംബൈ തീരത്തേക്ക് എത്തിച്ചത്.

മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ എത്തിച്ചാണ് നാവികസേന കടൽക്കൊള്ളക്കാരെ പോലീസിന് കൈമാറിയത്. തുടർന്ന് ഇവരെ മുംബൈയിലെ ജെജെ ഹോസ്പിറ്റലിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. രണ്ട് ദിവസത്തോളം നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ് ഇന്ത്യൻ നാവിക സേന എംവി റൂയൻ എന്ന കപ്പലിലെ 17 ജീവനക്കാരെ ആളപായം കൂടാതെ രക്ഷപ്പെടുത്തിയത്. വിജയകരമായ ഓപ്പറേഷനിൽ 35 സോമാലിയൻ കടൽക്കൊള്ളക്കാരെ നാവികസേന പിടികൂടുകയും ചെയ്തു.

2017-ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ സമുദ്രതീരത്തിന് സമീപമായി സോമാലിയൻ കടൽ കൊള്ളക്കാർ ആക്രമണം നടത്തിയിരുന്നത്. കടൽക്കൊള്ളക്കാരിൽ നിന്നും MV Ruen കപ്പലിനെയും ജീവനക്കാരെയും രക്ഷിച്ചതിൽ ബൾഗേറിയ ഇന്ത്യക്ക് നന്ദി അറിയിച്ചു.

രക്ഷാദൗത്യത്തിനായി ഇന്ത്യൻ നാവികസേനയുടെ ഒരു നേവി ഡിസ്ട്രോയർ, ഒരു പട്രോളിംഗ് കപ്പൽ, മറൈൻ കമാൻഡോകളെ എയർഡ്രോപ്പുചെയ്യുന്നതിനുള്ള ഇന്ത്യൻ എയർഫോഴ്സ് സി -17 ട്രാൻസ്പോർട്ടർ, നാവിക, രഹസ്യാന്വേഷണ ഡ്രോണുകൾ, ഒരു പി -8 നിരീക്ഷണ ജെറ്റ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു നാവികസേന ദൗത്യം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!