രാജ്യത്തിന്റെ വീരപുത്രന്മാർക്ക് ആദരം; ചക്ര പുരസ്‌കാര ജേതാക്കൾക്ക് ഇനി വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും യാത്ര സൗജന്യം…

ന്യൂഡൽഹി: രാജ്യത്തിനായി അതുല്യമായ ധീരത പ്രകടിപ്പിച്ച സൈനികർക്കുള്ള ആദരസൂചകമായി, ചക്ര പരമ്പരയിലെ ധീരതാ പുരസ്‌കാര ജേതാക്കൾക്കുള്ള സൗജന്യ ട്രെയിൻ യാത്രാ ആനുകൂല്യം വന്ദേ ഭാരത് ഉൾപ്പെടെ രാജ്യത്തെ എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചു.

നിലവിലുള്ള അർഹതാ മാനദണ്ഡങ്ങളിൽ യാതൊരു മാറ്റവും വരുത്താതെയാണ് ഈ സൗകര്യം വിപുലീകരിച്ചതെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ കരസേന ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് ഈ സുപ്രധാന തീരുമാനം പങ്കുവെച്ചത്.

പ്രതിരോധ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് റെയിൽവേ മന്ത്രാലയം ഈ നിർണ്ണായക തീരുമാനമെടുത്തത്. നേരത്തെ രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ നിബന്ധനകളോടെയാ യിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്.

എന്നാൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള എല്ലാ ട്രെയിനുകളിലും നിയന്ത്രണങ്ങളില്ലാതെ സൗജന്യമായി യാത്ര ചെയ്യാൻ ഇവർക്ക് സാധിക്കും.

രാജ്യത്തിന്റെ ധീരസൈനികരുടെ അസാമാന്യമായ ധൈര്യത്തെയും ത്യാഗത്തെയും സേവനത്തെയും ആദരിക്കുന്നതിനും, രാഷ്ട്രത്തിന് അവർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ അംഗീകരിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് സൈന്യം വ്യക്തമാക്കി.

പുരസ്‌കാര ജേതാക്കൾക്കൊപ്പം ഒരു സഹായിക്കും സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാകുന്നതാണ്.

സ്വാതന്ത്ര്യാനന്തരം രാജ്യം ഏർപ്പെടുത്തിയ ആദ്യത്തെ മൂന്ന് ധീരതാ പുരസ്‌കാരങ്ങളാണ് പരംവീര ചക്ര, മഹാവീര ചക്ര, വീരചക്ര എന്നിവ. 1947 ഓഗസ്റ്റ് 15 മുതൽ മുൻകാല പ്രാബല്യത്തോടെ 1950 ജനുവരി 26-നാണ് ഇവ നിലവിൽ വന്നത്. പിന്നീട് സമാധാനകാലത്തെ ധീരതയ്ക്കായി മൂന്ന് പുരസ്‌കാരങ്ങൾ കൂടി ഏർപ്പെടുത്തി.

മുൻഗണനാക്രമത്തിൽ പരംവീര ചക്ര, അശോക ചക്ര, മഹാവീര ചക്ര, കീർത്തി ചക്ര, വീരചക്ര, ശൗര്യ ചക്ര എന്നീ ആറ് പുരസ്‌കാര ജേതാക്കൾക്കാണ് റെയിൽവേയുടെ ഈ വിപുലീകരിച്ച സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുക. റെയിൽവേയുടെ ഈ തീരുമാനത്തെ സൈനിക വൃത്തങ്ങളും മുൻ സൈനിക സംഘടനകളും വലിയ ആവേശത്തോടെ യാണ് സ്വാഗതം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!