ആലപ്പുഴ : നാല് വയസ്സുകാരന് കടയിൽ നിന്ന് വാങ്ങിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിംഗിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ കണ്ടെത്തി.
വലിയ കലവൂർ പന്നിശ്ശേരി സ്വദേശിയായ മാതാപിതാക്കൾ മകന് വാങ്ങിക്കൊടുത്ത മിഠായിയിലാണ് ഈ അപകടകരമായ വസ്തു കുടുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വലിയകലവൂരിന് സമീപമുള്ള ഒരു കടയിൽ നിന്നാണ് മിഠായി വാങ്ങിയത്.
ഊമിഠായി കഴിക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ കുട്ടി രക്ഷിതാക്കളെ കാണിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഇവർ ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പറിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മിഠായിയുടെ സാമ്പിൾ ശേഖരിച്ചു. ഉദ്യോഗസ്ഥർ മിഠായി വാങ്ങിയ കടയിലുമെത്തി കമ്പനിയുടെ മറ്റ് മിഠായികളും വിതരണക്കാരുടെ വിവരങ്ങളും പരിശോധിച്ചു.
മധ്യപ്രദേശ് ആസ്ഥാനമായ മില്ലൻ കമ്പനിയുടെ കോലുമിഠായിലാണ് സ്റ്റീൽ ബോൾ കണ്ടെത്തിയത്. വിപണിയിലുള്ള കൂടുതൽ മിഠായികളിൽ സമാനമായ വസ്തുക്കൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. സംഭവത്തിൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുമെന്നും ഇവർ അറിയിച്ചു.
