തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയ കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ക്രൈംസ്-II ഐജിയായി നിയമിച്ചു. തീവ്രവാദ വിരുദ്ധ സേനയുടെ ഡിഐജി ചുമതലയും അദ്ദേഹം അധികമായി വഹിക്കും.
കെഎസ്ഇബി വിജിലൻസ് ഓഫീസറായിരുന്ന എൻ. രാജൻ ഐപിഎസിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി (അഡ്മിനിസ്ട്രേഷൻ) ആയി നിയമിച്ചു. തിരുവനന്തപുരത്താണ് പുതിയ നിയമനം.
കൊച്ചിയിലെ ക്രമസമാധാന പരിപാലനത്തിലും നഗരസുരക്ഷയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥനാണ് കാളിരാജ് മഹേഷ് കുമാർ. സംസ്ഥാനത്ത് തീർപ്പാകാതെ കിടക്കുന്ന പ്രധാനപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല ഇനി അദ്ദേഹത്തിനായിരിക്കും.
സാമ്പത്തിക തട്ടിപ്പുകൾ, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ, ഹൈടെക് കൊലപാതകങ്ങൾ തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനമെന്നാണ് വിലയിരുത്തൽ. വിവിധ ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിയായും മറ്റ് ഉന്നത പദവികളിലും പ്രവർത്തിച്ച പരിചയസമ്പത്തും കാളിരാജ് മഹേഷ് കുമാറിനുണ്ട്.
