തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഉമറിന്റെ 22 വയസ്സുള്ള പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കേസിൽ നേരത്തെ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. 17 വയസ്സ് തികയാത്ത കൗമാരക്കാരൻ, ഇയാളുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉമർ, 18 വയസ്സുള്ള പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട 17കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് നേരത്തെ അറസ്റ്റിലായ 18കാരിയുടെ ഫോണിൽ നിന്നാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഇവർക്ക് പുറമെയാണ് ഉമറിന്റെ 22കാരിയായ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിൽ യുവതിക്ക് നേരിട്ട് പങ്കുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. എന്നാൽ കൊലപാതകത്തെക്കുറിച്ചും പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയതടക്കമുള്ള നീക്കങ്ങളെക്കുറിച്ചും യുവതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുക. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
