പോക്സോ കേസിൽ ജാമ്യം… പിന്നാലെ 14കാരിയെ കൊല്ലാൻ ശ്രമം…

പെരുമ്പാവൂർ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 14 വയസ്സുകാരിയായ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനായിരുന്നു ശ്രമം.

ആക്രമണം ചെറുക്കുന്നതിനിടെ പെൺകുട്ടിയുടെ രണ്ട് കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയെയും പ്രതി ആക്രമിച്ചു. ഇദ്ദേഹത്തിനും പരിക്കേറ്റു. നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സമീപത്തെ പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ അദിനാനെ റിമാൻഡ് ചെയ്തു.

കൊലപാതകശ്രമം, വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. രണ്ടുമാസം മുമ്പാണ് പോക്സോ കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ മാസം 18-നാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് അതിജീവിതയെ വീണ്ടും ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!