ന്യൂഡൽഹി: മഹാദേവ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളിലെ 16 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഡൽഹി, മുംബൈ, കൊൽക്കത്ത, ചത്തീസ്ഖഢ് എന്നിവിടങ്ങളിലാണ് പരിശോധന.
ഐപിഎൽ നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്തുവെന്നും വാതുവെയ്പിൽ വൻതുക നിക്ഷേപിച്ചെന്നും ആരോപിച്ച് മഹാദേവ് ആപ്പിനെതിരെ വയാകോം 18 നെറ്റ്‌വർക്ക് ഛത്തീസ്ഗഡ് സൈബർ യൂണിറ്റിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
പോക്കർ, കാർഡ് ഗെയിമുകൾ, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്‌ബോൾ, ക്രിക്കറ്റ് എന്നിങ്ങനെ വിവിധ ഗെയിമുകളിൽ നിയമവിരുദ്ധ വാതുവെയ്പിന് ഇടമൊരുക്കി കൊടുക്കുന്ന ഓൺലൈൻ വാതുവെയ്പ്പ് പ്ലാറ്റ്‌ഫോം ആണ് മഹാദേവ് ആപ്പ്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ കേസുമായി ബന്ധപ്പെട്ട് റാപ്പർ ബാദ്ഷായെ സൈബർ സംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടക്കുന്നത്.
മഹാദേവ് ആപ്പ് പ്രൊമോട്ടർമാരായ സൗരബ് ചന്ദ്രക്കർ, രവി ഉപാൽ എന്നിവരുമായി അടുത്ത് ബന്ധമുള്ള നിതീഷ് ദിവാൻ കഴിഞ്ഞ 15-ാം തീയതി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായിരുന്നു.
മഹാദേവ് ആപ്പ് കേസ്; നാല് സംസ്ഥാനങ്ങളിലെ 16 സ്ഥലങ്ങളിൽ ഇഡി റെയ്ഡ്
