നാവിക്കിന് പുതുജീവൻ; എൻവിഎസ് 03 ഉപഗ്രഹവുമായി ജിഎസ്എൽവി എഫ് 18 ദൗത്യം വിജയകരം

October 31, 2026

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക്കിന്റെ ശേഷി വർധിപ്പിക്കാനുള്ള നിർണായക ദൗത്യത്തിൽ വിജയക്കൊടി പാറിച്ച് ഐഎസ്ആർഒ. ജിഎസ്എൽവി എഫ് 18 റോക്കറ്റിൽ വിക്ഷേപിച്ച എൻവിഎസ് 03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് രാത്രി 11.51നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ‘സ്മാർട്ട് ബോയ്’ എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിന്റെ ഇരുപതാമത്തെ ദൗത്യമാണിത്.

ഏകദേശം 19 മിനിറ്റ് നീണ്ട വിക്ഷേപണ നടപടികൾക്കൊടുവിൽ 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ഉപഗ്രഹത്തിലെ പ്രൊപ്പൽഷൻ സംവിധാനത്തിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്തും. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ് എൻവിഎസ് 03. രാജ്യത്തിന്റെ സ്വന്തം നാവിഗേഷൻ ശൃംഖലയായ നാവിക്കിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ഇന്ത്യയുടെ അതിർത്തിയിൽനിന്ന് ഏകദേശം 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.

കാർഗിൽ യുദ്ധം നൽകിയ പാഠത്തിൽനിന്ന് നാവിക്കിലേക്ക്.

സ്വന്തമായി നാവിഗേഷൻ സംവിധാനം വികസിപ്പിക്കണമെന്ന ഇന്ത്യയുടെ തീരുമാനത്തിന് പിന്നിൽ കാർഗിൽ യുദ്ധകാലത്തെ അനുഭവങ്ങളുണ്ട്. 1999ലെ യുദ്ധത്തിനിടെ സൈനിക ആവശ്യങ്ങൾക്കായി ജിപിഎസ് വിവരങ്ങൾ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക നിരസിച്ചിരുന്നു. വിദേശ രാജ്യങ്ങളുടെ ഉപഗ്രഹ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നത് തന്ത്രപരമായ വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യ സ്വന്തമായി നാവിഗേഷൻ ശൃംഖല വികസിപ്പിക്കാൻ തീരുമാനിച്ചത്.

ഇതിന്റെ തുടർച്ചയായാണ് നാവിക് പദ്ധതിക്ക് തുടക്കമായത്. രാജ്യത്തിന്റെ പ്രതിരോധ, ഗതാഗത, ഗതിനിർണയ മേഖലകളിൽ നിർണായകമാണ് നാവിക്കിന്റെ സേവനം. സമീപകാല സൈനിക പ്രവർത്തനങ്ങളും സ്വതന്ത്രമായ നാവിഗേഷൻ സംവിധാനത്തിന്റെ പ്രാധാന്യം വീണ്ടും ഓർമിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!