ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലേക്കുള്ള രക്ഷപ്പെടൽ വിഡിയോ പങ്കുവച്ചു; ബംഗ്ലദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലദേശ് വിട്ട് ഇന്ത്യയിലേക്ക് കടന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്ന മുൻ വ്യോമസേന ഉദ്യോഗസ്ഥനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബംഗ്ലദേശ് വ്യോമസേനയിൽ ഫ്ലൈറ്റ് ലഫ്റ്റനന്റായിരുന്ന കെ.എം. തഹ്സിഫ് സൗരി (28) ആണ് മരിച്ചത്. ചൊവ്വാഴ്ച മുതൽ കാണാതായിരുന്ന ഇയാളുടെ മൃതദേഹം തുരാഗ് നദിയിൽനിന്നാണ് കണ്ടെത്തിയത്.

2024ൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നതിന്റെ വിഡിയോ തഹ്സിഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ ഇയാൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്റാണെന്ന ആരോപണം ബംഗ്ലദേശിലെ ജമാഅത്തെ ഇസ്‌ലാമി അനുകൂല പത്രമായ അമർ ദേശ് പ്രസിദ്ധീകരിച്ചു.

റിപ്പോർട്ട് വ്യാജമാണെന്ന് പിന്നീട് ആരോപിക്കപ്പെട്ടെങ്കിലും തഹ്സിഫിനെ വ്യോമസേനയിൽനിന്ന് പുറത്താക്കുകയും പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്ത തഹ്സിഫ് അമർ ദേശിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പത്രത്തിന്റെ നടപടികൾക്കു പിന്നിൽ നിരവധി കാര്യങ്ങളുണ്ടെന്നും അവയെക്കുറിച്ച് വിശദമായി സംസാരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച അമ്മയ്ക്കൊപ്പം ഷോപ്പിങ്ങിനു പോയ തഹ്സിഫ് പിന്നീട് സുഹൃത്തിന്റെ ഫോൺവിളിയെത്തുടർന്ന് പുറത്തുപോയതാണെന്ന് കുടുംബം ബംഗ്ലദേശ് പത്രമായ പ്രോതോം അലോയോട് പറഞ്ഞു. അതിനുശേഷം വീട്ടുകാരുടെ ഫോൺവിളികൾക്ക് മറുപടി ലഭിച്ചില്ല. രാത്രി ഒന്നരയോടെ വീട്ടിലേക്ക് മടങ്ങുകയാണെന്ന് തഹ്സിഫിന്റെ ഫോണിൽനിന്ന് അമ്മയ്ക്ക് സന്ദേശം ലഭിച്ചെങ്കിലും അദ്ദേഹം തിരിച്ചെത്തിയില്ല. തുടർന്നാണ് പിറ്റേന്ന് മൃതദേഹം നദിയിൽ കണ്ടെത്തിയത്.

തഹ്സിഫിനെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹസീന രാജ്യം വിടുന്നതിന്റെ വിഡിയോ പങ്കുവച്ചതിന്റെ പേരിൽ മാത്രമാണ് തഹ്സിഫ് നടപടി നേരിട്ടതെന്ന് ബന്ധുവായ മൊഷ്ഫെക ജഹാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വിഡിയോ തഹ്സിഫ് സ്വയം ചിത്രീകരിച്ചതല്ലെന്നും സഹപ്രവർത്തകൻ പകർത്തിയ ദൃശ്യം ഒരു പൗരൻ എന്ന നിലയിൽ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!