ന്യൂഡല്‍ഹി: എല്ലാ മാസങ്ങളിലേതുപോലെ നവംബറിലും സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഉപഭോക്താക്കള്‍ക്കും പെന്‍ഷന്‍കാര്‍ക്കും നവംബര്‍ മാസം നിര്‍ണായകമാണ്.നവംബര്‍ ഒന്നുമുതലുള്ള മാറ്റങ്ങള്‍ ചുവടെ:
*ചരക്കുസേവന നികുതി
നവംബര്‍ ഒന്നുമുതല്‍ വില്‍പ്പനാനന്തര കിഴിവുകള്‍ക്കുള്ള ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലഘൂകരിക്കാനും ഇന്‍വേര്‍ട്ടഡ് ഡ്യൂട്ടി ഘടന നേരിടുന്ന ബിസിനസുകള്‍ക്കുള്ള താല്‍ക്കാലിക റീഫണ്ടുകള്‍ വേഗത്തിലാക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ബജറ്റിലാണ് ഈ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
*പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റുകൾ
യാതൊരുവിധ തടസ്സവുമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ ഓരോ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. 80 വയസില്‍ താഴെയുള്ള പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. 80 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ തന്നെ സമര്‍പ്പിക്കാന്‍ അനുവാദമുണ്ട്. സാധാരണയായി ഓരോ വര്‍ഷവും നവംബര്‍ 30 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി
*റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി
അക്കൗണ്ടുകള്‍ ഓഡിറ്റിന് വിധേയമാക്കേണ്ട നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. 2026-27 അസസ്‌മെന്റ് വര്‍ഷത്തേയ്ക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31ല്‍ നിന്ന് നവംബര്‍ 21 വരെയാണ് നീട്ടിയത്. ഈ ഇളവ് എല്ലാ വ്യക്തികള്‍ക്കും ബാധകമല്ല. നിശ്ചിത വിഭാഗത്തില്‍പ്പെട്ട നികുതിദായകര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക.
*ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷൻ
ഭിന്നശേഷി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്ര മന്ത്രിസഭ അടുത്തിടെ ചില മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ ഭിന്നശേഷിയുടെ കുറഞ്ഞ പരിധി 80 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുന്നതും അര്‍ഹതയ്ക്കായി നിശ്ചയിച്ചിരുന്ന കുറഞ്ഞ പ്രായപരിധി ഒഴിവാക്കുന്നതും ഉള്‍പ്പെടുന്നു. അംഗീകരിച്ച പരിഷ്‌കാര നടപടികള്‍ പ്രകാരം, 80 വയസില്‍ താഴെയുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 375 രൂപയും 80 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് പ്രതിമാസം 625 രൂപയും കേന്ദ്രസഹായമായി നല്‍കാന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അതിനാല്‍ നവംബര്‍ ഒന്നുമുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല.
*എല്‍പിജി സിലിണ്ടർ
പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ ഓരോ മാസത്തിന്റെയും തുടക്കത്തില്‍ എല്‍പിജി സിലിണ്ടര്‍ വില അവലോകനം ചെയ്യാറുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റം വന്നാല്‍, അത് റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയെ ബാധിച്ചേക്കാം. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് സൂചനകളൊന്നും നല്‍കിയിട്ടില്ല
