അഞ്ച് ലക്ഷം വ്യാജ ഇമെയിൽ ഐഡികൾ; ബോംബ് ഭീഷണികൾക്ക് പിന്നിൽ ഇമെയിൽ വിൽപ്പന; 24കാരൻ പിടിയിൽ

ലക്നൗ: രാജ്യത്തെ വിവിധ നഗരങ്ങളിലെ പ്രധാന സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച വ്യാജ ഇമെയിൽ വിലാസങ്ങൾ നിർമിച്ച് വിദേശികൾക്ക് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.

ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (എടിഎസ്) കാൺപുർ സ്വദേശിയായ അങ്കിത് ശംഖ്‌വാറിനെ (24) ആണ് പിടികൂടിയത്. പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഇയാൾ വ്യാജ ഇമെയിൽ ഐഡികൾ വിറ്റിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അങ്കിതിന്റെ ലാപ്ടോപ്പിൽ നടത്തിയ പരിശോധനയിൽ ഏകദേശം അഞ്ച് ലക്ഷം ഇമെയിൽ വിലാസങ്ങൾ അടങ്ങിയ എക്സെൽ ഫയലുകൾ കണ്ടെത്തി. നോയിഡ, ഡൽഹി, ഗുരുഗ്രാം, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെ ബോംബ് ഭീഷണി അയയ്ക്കാൻ ഇവയിൽ ചിലത് ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. ഇയാളിൽനിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

ഒക്ടോബർ 23ന് മുംബൈ മേയർ ഓഫീസിലേക്ക് അയച്ച ബോംബ് ഭീഷണി സന്ദേശത്തിന് ഉപയോഗിച്ച ‘smithjohnson6889@gmail.com’ എന്ന ഇമെയിൽ വിലാസവും പിടിച്ചെടുത്ത ഫയലുകളിലുണ്ട്. ഡൽഹി എൻസിആറിൽ നടത്താനിരുന്ന ഗായകൻ ദിൽജിത്ത് ദോസഞ്ജിന്റെ സംഗീതപരിപാടിക്കും ബോളിവുഡ് നടന്റെ വീടിനും നേരെ ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച ഇമെയിലുകളും കണ്ടെത്തിയിട്ടുണ്ട്.

2021 മുതൽ അങ്കിത് വ്യാജ ഇമെയിൽ വിലാസങ്ങൾ നിർമിച്ച് വിൽപ്പന നടത്തുന്നുണ്ടെന്നാണ് എടിഎസിന്റെ കണ്ടെത്തൽ. സ്വന്തം വ്യക്തിവിവരങ്ങൾ പുറത്തുവരാതിരിക്കാൻ വൈഫൈ കണക്ഷനുകളും പ്രോക്സി നെറ്റ്‌വർക്കുകളും ഉപയോഗിച്ചായിരുന്നു പ്രവർത്തനം. ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്.

പാക്കിസ്ഥാൻ, ബംഗ്ലദേശ്, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ബംഗ്ലദേശ് സ്വദേശിയായ അലാമിൻ ഇസ്‌ലാമിന് ഇമെയിൽ വിലാസങ്ങൾ വിറ്റതിലൂടെ 6,000 യുഎസ് ഡോളറിന്റെ ടെതർ (USDT) ലഭിച്ചതായി അങ്കിത് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. രാജ്യത്തെ വിവിധ നഗരങ്ങളിൽ ആശങ്ക സൃഷ്ടിച്ച ബോംബ് ഭീഷണികൾക്ക് പിന്നിലെ ഇമെയിൽ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!