കാസർകോടും മഞ്ചേശ്വരത്തും വൻ ലഹരിവേട്ട; 182.65 ഗ്രാം എംഡിഎംഎ പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ

കാസർകോട് : കാസർകോട്, മഞ്ചേശ്വരം മേഖലകളിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ എംഡിഎംഎ പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി യുവതി ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നായി ആകെ 182.65 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

മഞ്ചേശ്വരത്ത് വാടക ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിയ സംഘത്തെയും കാസർകോട് നഗരത്തിലെ ലോഡ്ജിൽ ലഹരി ഉപയോഗിക്കാനായി മുറിയെടുത്തവരെയുമാണ് പിടികൂടിയത്.

*വാടക ക്വാർട്ടേഴ്‌സിൽ ലഹരിശേഖരം

മഞ്ചേശ്വരം കടമ്പാർ ബട്ടിപ്പദവിലെ വാടക ക്വാർട്ടേഴ്‌സിൽനിന്ന് 182.12 ഗ്രാം എംഡിഎംഎയുമായാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടുകോളടുക്ക സ്വദേശിയും ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ മുഹമ്മദ് ശിഹാബ് (33), മംഗളൂരു മാലാൾ ക്രോസ് റോഡിലെ മുഹമ്മദ് സഫുവാൻ (23), ഫാത്തിമ അപ്പാർട്‌മെന്റിലെ മുഹമ്മദ് റസൽ അലി (21) എന്നിവരാണ് പിടിയിലായത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നിന് വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്നാണ് പോലീസ് പറയുന്നത്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് വാടക ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘമാണിതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഒട്ടേറെ കവർച്ചക്കേസുകളിൽ പ്രതിയായ ശിഹാബ് അതിർത്തി കേന്ദ്രീകരിച്ചുള്ള ലഹരിവിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നും പോലീസ് വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടർന്ന് മഞ്ചേശ്വരം എസ്.ഐ. എസ്.വി. ജിയോ സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പോലീസ് എത്തിയിട്ടും ക്വാർട്ടേഴ്‌സിന്റെ വാതിൽ തുറക്കാൻ അകത്തുണ്ടായിരുന്നവർ തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ വാതിൽ തുറന്ന് അകത്തുകയറി. ഒരു മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് മൂന്നുപേരെയും കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ എംഡിഎംഎയ്ക്ക് പുറമേ മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ത്രാസ്, പണം എന്നിവയും കണ്ടെടുത്തു.

ബെംഗളൂരുവിൽനിന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാകാം ലഹരിമരുന്നെന്നാണ് പോലീസിന്റെ സംശയം. വിതരണത്തിന്റെ ഉറവിടവും ശൃംഖലയിലെ മറ്റു കണ്ണികളും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

*ലോഡ്ജിൽ ലഹരി ഉപയോഗിക്കാൻ മുറിയെടുത്തു

കാസർകോട് നഗരത്തിലെ ലോഡ്ജിൽ എംഡിഎംഎ ഉപയോഗിക്കാനായി മുറിയെടുത്ത യുവാവും യുവതിയും മറ്റൊരു കേസിൽ അറസ്റ്റിലായി. കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളത്തെ മുഹമ്മദ് റാഫി (31), ബേള കടമ്പളയിലെ ഷെരീഫ (35) എന്നിവരാണ് കാസർകോട് ടൗൺ പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 0.59 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

ലോഡ്ജിൽ ഇരുവരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ. പി.വി. മനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തുകയായിരുന്നു. അലമാര, മേശവലിപ്പ്, ബാഗ് എന്നിവ പരിശോധിച്ചെങ്കിലും ലഹരിമരുന്ന് കണ്ടെത്താനായില്ല. തുടർന്ന് ഷെരീഫ ധരിച്ചിരുന്ന ജീൻസ് പാന്റ്‌സിന്റെ പോക്കറ്റ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ലഭിച്ചത്.

പോലീസ് കോളിങ് ബെൽ അടിച്ചപ്പോൾ മുഹമ്മദ് റാഫി ലഹരിമരുന്ന് തന്റെ പോക്കറ്റിൽനിന്ന് യുവതിയുടെ പോക്കറ്റിലേക്ക് മാറ്റിയതാണെന്നാണ് ഷെരീഫയുടെ മൊഴി. മാങ്ങാട് സ്വദേശിയായ യുവാവിൽനിന്ന് 3,000 രൂപയ്ക്ക് എംഡിഎംഎ വാങ്ങിയെന്നാണ് റാഫി പോലീസിന് നൽകിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!