‘അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും നരഭോജികൾ നരഭോജികൾ തന്നെ’…ശശി തരൂരിന്റെ ഓഫീസിന് മുന്നിൽ…

തിരുവനന്തപുരം : ഫേസ്ബുക്കിൽ സിപിഐഎമ്മിനെരായ നരഭോജി പരാമർശം പിൻവലിച്ചതിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ പ്രതിഷേധം കനക്കുന്നു. തരൂരിന്റെ ഓഫീസിന് മുന്നിൽ കെ എസ് യുവിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

“നരഭോജികൾ നരഭോജികൾ തന്നെയാണ്, ആര് അല്ലെന്ന് എത്ര തവണ പറഞ്ഞാലും ” എന്നാണ് പോസ്റ്ററിലെ വാചകം. ശുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ തങ്ങളുടെ സഹോദരങ്ങളാണെന്നും പോസ്റ്ററിൽ കുറിച്ചിരിക്കുന്നു.

സിപിഐഎമ്മിനെ നരഭോജി എന്ന് വിശേഷിപ്പിച്ചുള്ള പോസ്റ്റാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി മുക്കിയത്. ‘സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകൾ കൃപേഷിന്‌റെയും ശരത് ലാലിന്‌റെയും രക്തസാക്ഷിത്വ ദിനം’ എന്ന കുറിപ്പും ഒപ്പം ഇരുവരുടേയും ചിത്രങ്ങളുമുള്ള കാർഡും പങ്കുവെച്ചായിരുന്നു തരൂർ നിലപാട് വ്യക്തമാക്കിയത്. ഇത് വ്യാപക വിമർശനത്തിന് ഇടയാക്കിയതോടെയാണ് തരൂർ നിലപാട് മയപ്പെടുത്തിയത്.

ശരത് ലാലിന്റെയും കൃപേഷിന്‌റെയും ചിത്രത്തിനൊപ്പം ഇരുവരുടേയും സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു എന്ന് തരൂർ കുറിച്ചു. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും പരിഹാരമല്ല എന്നത് ഓർക്കേണ്ടതാണെന്നും തരൂർ പറഞ്ഞു.

ആദ്യം സിപിഐഎമ്മിനെ വിമർശിച്ച തരൂർ പുതിയ പോസ്റ്റിൽ അത് ബോധപൂർവം ഒഴിവാക്കുകയായിരുന്നു. പോസ്റ്റിന് താഴെ നിരവധി പേർ കമന്റുമായി എത്തുകയും ചെയ്തു. ഇത്തരത്തിലൊരു ബാലൻസിങ്ങിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു പലരും ചോദിച്ചത്. തരൂരിന്റെ നിലപാടുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!