പത്തനംതിട്ട :തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് പോയ മേറ്റുമാർക്കെതിരെ നടപടി. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലാണ് സംഭവം. മൂന്ന് പേരെ ഒരു വർഷത്തേയ്ക്കാണ് സസ്‌പെൻഷൻ ചെയ്തത്. ഇതേ കുറ്റം ചെയ്ത എഴുപത് തൊഴിലാളികളുടെ ആ ദിവസത്തെ വേതനം കുറയ്ക്കാനും ഓംബുഡ്‌സ്മാൻ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ഓംബുഡ്‌സ്മാന്റെ അന്വേഷണത്തിൽ ഇവർക്കെതിരെ ഗുരുതരമായ വീഴ്ചയാണ് കണ്ടത്തിയത്. ജോലി ചെയ്യാതെ പണം വാങ്ങി , ഹാജർ രേഖപ്പെടുത്തി ജോലി സ്ഥലത്ത് നിന്ന് മുങ്ങി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഓംബുഡ്‌സ്മാൻ തൊഴിലാളികൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്.
ജനുവരി 20 നായിരുന്നു സംഭവം. പള്ളിക്കൽ പഞ്ചായത്തിലെ 20ാം വാർഡിലാണ് ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങലയ്ക്ക് പങ്കെടുക്കാനായി തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്ക് ഹാജർ രോഖപ്പെടുത്തിയതിനു ശേഷം മുങ്ങിയത്. മൂന്ന് സൈറ്റുകളിൽ നിന്നായി എഴുപതോളം തൊഴിലാളികൾ പ്രവൃത്തി സ്ഥലത്തെത്തി എൻഎംഎംഎസ് മുഖേനയും മസ്റ്റർ റോൾ വഴിയും ഹാജർ രേഖപ്പെടുത്തിയ ശേഷം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസും ബിജെപിയും നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.