സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസിൽ പരാതി

തിരുവനന്തപുരം : സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് വിജിലൻസിൽ പരാതി.

സിഎംപിയുടെ സംസ്ഥാന യുവ നേതാവ് വി മുസ്തഫയാണ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി നിക്ഷേപങ്ങൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെ ന്നാണ് പരാതിയിലെ ആവശ്യം.

പാലക്കാട്ടെ മൂന്ന് സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു.

ചിറ്റൂർ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആൻഡ് റിസർച്ച് സെൻറർ, പാലക്കാട് ജില്ലാ എൻജിനീയറിങ് സഹകരണ സംഘം, ചിറ്റൂർ താലൂക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം എന്നിവയുടെ ഇടപാടുകളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ സഹകരണ സ്ഥാപനങ്ങൾ വഴി ബിനാമി നിക്ഷേപങ്ങളും കണക്കിൽപ്പെടാത്ത പണത്തിൻറെ ഇടപാടുകളും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. കൂടാതെ വായ്പാ വിതരണത്തിലെ ക്രമക്കേടുകൾ, സ്വത്ത് മൂല്യനിർണയത്തിലെ കൃത്രിമം, സ്ഥാപനങ്ങളുടെ ഫണ്ട് വഴിതിരിച്ചുവിടൽ എന്നിവയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരേഷ് ബാബുവിൻ്റെയും കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള നിക്ഷേപങ്ങൾ, ലോക്കറുകൾ, സ്ഥാവര സ്വത്തുക്കൾ എന്നിവയെക്കുറിച്ച് പരിശോധന നടത്തണം. വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് ഡയറക്ടർ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ സ്ഥിരീകരിച്ചാൽ കേസ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിൻ്റെ ബിനാമി നിരോധന വിഭാഗത്തിനും കൈമാറണമെന്നും പരാതിയിൽ പറയുന്നു. അതേസമയം, സിപിഎമ്മിൻ്റെ പാലക്കാട്ടെ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ സുരേഷ് ബാബുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പാർട്ടിയിൽ ലൈംഗികാതിക്രമ പരാടിയും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!