ന്യൂഡൽഹി : പോലീസ് വിലക്ക് ലംഘിച്ച് ജന്തർ മന്തറിൽ സമരം ചെയ്ത വിഷയത്തിൽ സി.ജെ.പി ഭാരവാഹികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. പ്രതിഷേധ സ്ഥലമെന്ന പദവി അടുത്തിടെ റദ്ദാക്കിയ ഡൽഹി ജന്തർ മന്തിറിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തുകയറിയ കേസിലാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.
ഒക്ടോബർ 13-നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഒക്ടോബർ 14-ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ കോടതി വീണ്ടും തിഹാർ ജയിലിലേക്ക് അയച്ചു. ബുധനാഴ്ച ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കും.
ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അവിടെ പ്രവേശിച്ച് ദേശീയ പതാക ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും വോട്ടർപട്ടിക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികൾക്കുമെതിരെ സി.ജെ.പി നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമായാണ് ഈ പ്രതിഷേധം നടന്നത്.
