പനച്ചിക്കാട് : ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിലെ വിജയദശമി നാളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പടിഞ്ഞാറെ നടയിലെ വലിയ പന്തലിൽ ദർശനം, വിദ്യാരംഭം, ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർ എന്നിങ്ങനെ മൂന്ന് ക്യൂവുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
ദർശനത്തിനായി എത്തുന്നവർ ആ ക്യൂവിലും, വിദ്യാരംഭത്തിനായി എത്തുന്നവർ രസീത് ഇല്ലാത്തപക്ഷം, രസീത് എടുത്ത ശേഷം വിദ്യാമണ്ഡപത്തിലേക്ക് ഉള്ള ക്യൂവിലും പ്രവേശിക്കേണ്ടതാണ്.
വിദ്യാരംഭത്തിന് ശേഷം ദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദർശന ക്യൂവിലുള്ളവർക്ക് അതിന് ശേഷം വിദ്യാരംഭത്തിന് എത്താനും സൗകര്യമുണ്ട്. വിവിധ കൗണ്ടറുകളിൽ നിന്നും എല്ലാ വഴിപാടുകളുടെയും രസീത് ലഭ്യമാകുന്നതാണ്.
ദർശനം കഴിഞ്ഞിട്ട് വിദ്യാമണ്ഡപത്തിലേക്ക് എത്താനോ അല്ലെങ്കിൽ വഴിപാടുകൾ നടത്താനോ സൗകര്യമുണ്ട്. ദർശനത്തിനും, വിദ്യാരംഭത്തിനും മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും, വിദ്യാരംഭത്തിനായി ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും അതിനുള്ള അവസരം ഒരുക്കുമെന്നും അസി. മാനേജർ കെ വി ശ്രീകുമാർ അറിയിച്ചു. ഫോൺ:70124 86918
