വാഷിങ്ടൺ: ഇറാനെതിരായ സൈനികനടപടികൾ പുനരാരംഭിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടാൽ നടപ്പാക്കേണ്ട ആക്രമണപദ്ധതികൾ അമേരിക്കൻ സൈന്യം തയ്യാറാക്കിയതായി റിപ്പോർട്ട്.
ഇറാന്റെ ആണവകേന്ദ്രങ്ങളും ഊർജസംവിധാനങ്ങളും ലക്ഷ്യമിടുന്ന പദ്ധതികളിൽ അമേരിക്കയുടെ ഏറ്റവും ശക്തിയേറിയ ആണവേതര ബോംബുകളിലൊന്നായ ‘മദർ ഓഫ് ഓൾ ബോംബ്സ്’ (എംഒഎബി) ഉൾപ്പെടുന്നതായാണ് വിവരം. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജിബിയു-43/ബി മാസീവ് ഓർഡൻസ് എയർ ബ്ലാസ്റ്റ് ബോംബ് എന്നറിയപ്പെടുന്ന എംഒഎഎബി, വൻതോതിലുള്ള സ്ഫോടനശേഷിയുള്ള ആയുധമാണ്. ഇറാനെതിരായ യുദ്ധത്തിൽ ഈ ബോംബ് ഉപയോഗിക്കാനുള്ള സാധ്യത അമേരിക്ക പരിഗണിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കിയേക്കും.
എന്നാൽ, അമേരിക്ക ലക്ഷ്യമിടുന്ന സൈനികനേട്ടങ്ങൾ കൈവരിക്കാൻ ഇത്തരം ആയുധങ്ങൾ പ്രയോഗിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയങ്ങളുമുണ്ട്. ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും പർവതപ്രദേശങ്ങളിലെ ആണവകേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തുന്നതിനുള്ള പദ്ധതികളും അമേരിക്കൻ സൈന്യം തയ്യാറാക്കിയതായാണ് റിപ്പോർട്ട്.
ആക്രമണം എപ്പോൾ നടത്തണമെന്ന കാര്യത്തിൽ ട്രംപിന്റെ തീരുമാനത്തിനായി സൈന്യം കാത്തിരിക്കുകയാണ്. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപാണോ അതിന് ശേഷമാണോ സൈനികനടപടി സ്വീകരിക്കേണ്ടതെന്ന് പ്രസിഡന്റ് തീരുമാനിക്കുന്നതനുസരിച്ച് പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമ്മർദം ട്രംപ് ഭരണകൂടത്തിനുമേൽ ശക്തമാകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. ഇറാന്റെ ഒന്നിലധികം ഊർജകേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതും എംഒഎബി വിന്യസിക്കുന്നതും ഉൾപ്പെടെയുള്ള വിവിധ ആക്രമണസാധ്യതകൾ പരിഗണിക്കാൻ ട്രംപ് സൈന്യത്തിന് നിർദേശം നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
