ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം…. തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം. കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിലാണ് നടപടി. സെപ്റ്റംബർ 18 മുതലാണ് തച്ചങ്കരി ജയിലിൽ കഴിയുന്നത്. 2003 ജനുവരി ഒന്ന് മുതൽ 2007 ജൂലൈ ഏഴ് വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

നിശ്ചിത കാലയളവിൽ 64,70,891 രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ 135 ശതമാനം അധികമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി.

സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലും വിജിലൻസ് കോടതി ശരിവച്ചിരുന്നു. കേസിൽ 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്നാണ് കേസ് കോട്ടയം വിജിലൻസ് കോടതിയുടെ പരിഗണനയിലെത്തിയതും ശിക്ഷ വിധിച്ചതും. വിജിലൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച തച്ചങ്കരിക്ക് ഇപ്പോൾ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവിലൂടെ ആശ്വാസം ലഭിച്ചിരിക്കുകയാണ്. കേസിലെ തുടർനടപടികൾ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!