തിരുവനന്തപുരം: ബഹിരാകാശ വ്യവസായ മേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും വിദേശ കമ്പനികളെ ആകർഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി കേരള സർക്കാർ.
സ്റ്റാർട്ടപ്പുകൾക്കും സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്ന നയത്തിൽ സാമ്പത്തിക സഹായം, ദീർഘകാല പാട്ടത്തിന് ഭൂമി, ആധുനിക ഗവേഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോട്ടും 100 ഏക്കർ വീതം സ്ഥലത്ത് എയ്റോസ്പെയ്സ് വ്യവസായ ക്ലസ്റ്ററുകൾ സ്ഥാപിക്കാനാണ് കരട് നയത്തിലെ പ്രധാന നിർദേശം.
വ്യോമയാന, ബഹിരാകാശ മേഖലകളിലെ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള പദ്ധതികൾ കേരള സ്പേസ് പാർക്ക് മുഖേന നടപ്പാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.
തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിൽ സാങ്കേതിക വ്യവസായ ക്ലസ്റ്റർ ആരംഭിക്കാനും സ്വകാര്യ നിക്ഷേപകർക്കായി 16 ഏക്കർ ഭൂമി ദീർഘകാല പാട്ടത്തിന് നൽകാനും പദ്ധതിയുണ്ട്. സ്റ്റാർട്ടപ്പ് ആൻഡ് ഇന്നൊവേഷൻ സെന്റർ, കോമൺ ഡിജിറ്റൽ എൻജിനിയറിങ് ആൻഡ് ഡിസൈൻ ലബോറട്ടറി എന്നിവയും ഇവിടെ സ്ഥാപിക്കാൻ നിർദേശിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യേക വ്യവസായ, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും കരട് നയത്തിൽ പദ്ധതിയുണ്ട്. തിരുവനന്തപുരം വേളിയിൽ 60 ഏക്കറിൽ എയ്റോസ്പെയ്സ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്സും വലിയമലയിൽ 13.5 ഏക്കറിൽ ലിക്വിഡ് പ്രൊപ്പൽഷൻ ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്ററും സ്ഥാപിക്കും. കോട്ടൂരിൽ 100 ഏക്കറിൽ സംയോജിത പ്രതിരോധ വ്യവസായ പാർക്കും തോന്നയ്ക്കലിൽ 28.5 ഏക്കറിൽ എയ്റോസ്പെയ്സ് കോമ്പോസിറ്റ് സെന്ററും ആരംഭിക്കാനും നിർദേശമുണ്ട്.
പള്ളിപ്പുറം ടെക്നോസിറ്റിയിൽ മൂന്നര ഏക്കറിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ കോമൺ ഫെസിലിറ്റി കേന്ദ്രവും ഗവേഷണ-വികസന കേന്ദ്രവും ഒരുക്കും. എയ്റോസ്പെയ്സ്, പ്രതിരോധം, വ്യോമയാനം എന്നീ മേഖലകളിൽ ഗവേഷണം നടത്താനും നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കാ നുമുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
വിഎസ്എസ്സി ഉൾപ്പെടെയുള്ള ഐഎസ്ആർഒ കേന്ദ്രങ്ങളുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് വാണിജ്യ ബഹിരാകാശ വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ നീക്കം. ഐഎസ്ആർഒ വൻകിട ബഹിരാകാശ ദൗത്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ ചെറുകിട കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ കേരളത്തിൽ 50 ബഹിരാകാശ സ്റ്റാർട്ടപ്പുകളും ദേശീയതലത്തിൽ 440 സ്റ്റാർട്ടപ്പുകളും പ്രവർത്തിക്കുന്നുണ്ടെ ന്നാണ് കണക്ക്. പുതിയ നയം നടപ്പാകുന്നതോടെ നിക്ഷേപം, ഗവേഷണം, സാങ്കേതിക വികസനം, തൊഴിൽസൃഷ്ടി തുടങ്ങിയ മേഖലകളിൽ കൂടുതൽ വളർച്ച നേടാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
