ചങ്ങനാശ്ശേരി : ബാലികയെ പീഡിപ്പിച്ച പ്രതി എരുമേലി സ്വദേശി റിജോ രാജു (27) ന് 82 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു.
എരുമേലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ് സൈമ വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി 82 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു.
പിഴത്തുക അടച്ചില്ലെങ്കില്‍ നാലുവര്‍ഷവും ഏഴുമാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുക ഈ കേസിലെ അതിജീവിതയ്ക്ക് നല്കണമെന്ന് വിധിയില്‍ പ്രത്യേകം പ്രസ്താവിച്ചു.
49 പ്രമാണങ്ങളും 31 സാക്ഷികളെയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഏഴ് തൊണ്ടിമുതലുകള്‍ വിചാരണ വേളയില്‍ കോടതി മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി. ഈ കേസിന്റെ അന്വേഷണ ചുമതല എരുമേലി സി.ഐ. അനില്‍കുമാറിനായിരുന്നു.
കേസിലെ ജഡ്ജ്‌മെന്റ് സമയത്ത് പ്രതി കോടതിയില്‍ ഹാജരാകാതെ കടന്നു കളയുകയും എരുമേലി സിഐ ഇ.ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.