വിദ്വേഷ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് താക്കീത്

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗത്തില്‍ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ താക്കീത്. തന്റെ പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ വിവാദം ഉണ്ടാക്കുകയായിരുന്നു എന്നാണ് ശേഖര്‍ കുമാര്‍ യാദവ് കൊളീജിയത്തിന് മുന്നില്‍ വിശദീകരിച്ചത്. എന്നാല്‍ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വാദം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം തള്ളി.

പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസ്സും മര്യാദയും പാലിക്കണമെന്ന് സുപ്രീംകോടതി കൊളീജിയം ആവശ്യപ്പെട്ടു. വഹിക്കുന്ന ഭരണഘടനാ പദവിയുടെ മാന്യത കാത്തു സൂക്ഷിക്കണം. ജഡ്ജിയുടെ പ്രസംഗത്തിലെ പല ഭാഗങ്ങളും ജുഡീഷ്യറിയുടെ പദവിക്കും അന്തസ്സിനും ചേര്‍ന്നതെല്ലെന്ന് കൊളീജിയം വിലയിരുത്തി. മുന്‍വിചാരമില്ലാതെ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്  ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് താക്കീത് നല്‍കിയത്.

സുപ്രീംകോടതിയുടെ അഞ്ചംഗ കൊളീജിയം ഒരു മണിക്കൂറോളമാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനു മുന്നോടിയായി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം കൊളീജിയം പരിശോധിച്ചിരുന്നു. പ്രസ്താവനയില്‍ സുപ്രീംകോടതി അലഹാബാദ് ഹൈക്കോടതിയുടെ വിശദീകരണവും തേടിയിരുന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല.

ഡിസംബര്‍ 10 ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിവാദ പ്രസ്താവന നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ഭരിക്കപ്പെടുക ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഇത് ഉടന്‍ യാഥാര്‍ഥ്യമാകും. ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളില്‍ നിന്ന് മുക്തി നേടി. അതുപോലെ മറ്റു മതങ്ങളും ദുരാചാരങ്ങള്‍ ഒഴിവാക്കണം. ആര്‍എസ്എസും വിഎച്ച്പിയും മാത്രമല്ല രാജ്യത്തിന്റെ പരമോന്നത നീതിപീഠവും സിവില്‍കോഡിനെപ്പറ്റി  സംസാരിക്കുന്നതായും ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു. വിവാദ പ്രസംഗത്തില്‍ ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!