തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്സ് കേന്ദ്രീകരിച്ച് വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച ഒൻപതര കോടി രൂപ വിലമതിക്കുന്ന 6.2 കിലോ സ്വർണ്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് എയർ കാർഗോ ഏജന്റ് സുരേന്ദ്രൻ, ശംഖുംമുഖത്തുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ (കെ.എസ്.ഐ.ഇ) ഡ്രൈവറും പത്തനംതിട്ട സ്വദേശിയുമായ ഹാരോൾഡ് ഫിലിപ്പ്, ഇവരിൽനിന്ന് സ്വർണ്ണം വാങ്ങി കാസർകോട്ടേക്ക് കടത്താനെത്തിയ കണ്ണൂർ സ്വദേശി അമൽരാജ് എന്നിവരെ ഡി.ആർ.ഐ സംഘം അറസ്റ്റ് ചെയ്തു.
കെ.എസ്.ഐ.ഇയുടെ നിയന്ത്രണത്തിലുള്ള എയർ കാർഗോ വഴി അതീവ രഹസ്യമായി സ്വർണ്ണം പുറത്തെത്തിക്കാനായിരുന്നു കള്ളക്കടത്തുസംഘത്തിന്റെ ആസൂത്രണം. ബുധനാഴ്ച പുലർച്ചെ ദുബായിൽനിന്ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത എമിറേറ്റ്സ് വിമാനത്തിൽ യാത്രക്കാര നില്ലാതെ പ്രത്യേകമായി അയച്ച ‘അൺ ഒക്യുപ്പൈഡ് ബാഗേജി’ലായിരുന്നു സ്വർണ്ണം വിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്നത്.
ബാഗിന്റെ രഹസ്യ അറകളിലും ഡോർ ലോക്കിന്റെ ഭാഗങ്ങളിലുമായി ഉറപ്പിച്ച നിലയിൽ ദണ്ഡ് (റോഡ്) രൂപത്തിലാക്കിയാണ് 6.2 കിലോ സ്വർണ്ണം സൂക്ഷിച്ചിരുന്നത്. കാർഗോയിൽ എത്തുന്ന ഇത്തരം സംശയാസ്പദമായ ബാഗേജുകളിൽനിന്ന് സ്വർണ്ണം സുരക്ഷിതമായി എടുത്ത് കാരിയർമാർക്ക് കൈമാറുന്ന സുപ്രധാന കണ്ണികളായിരുന്നു അറസ്റ്റിലായ സുരേന്ദ്രനും ഹാരോൾഡ് ഫിലിപ്പും.
ദുബായിൽനിന്ന് സ്വർണ്ണമടങ്ങിയ ബാഗ് അയച്ച വ്യക്തികളെയും ഇതിന്റെ യഥാർത്ഥ നിക്ഷേപകരെയും സംബന്ധിച്ച് ഡി.ആർ.ഐ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ 2020 ജൂൺ 30-ലെ ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസിനെ ഓർമ്മിപ്പിക്കുന്നതാണ് പുതിയ സംഭവമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അന്ന് ദുബായിൽനിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലെ കാർഗോ വിഭാഗത്തിൽ യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ചതും ഇതേ കെ.എസ്.ഐ.ഇ കാർഗോ വഴിയായിരുന്നു.
കാർഗോയിലെ എക്സ്റേ മെഷീൻ തകരാറിലായതിനെ തുടർന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് എക്സ്റേ യൂണിറ്റിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഭക്ഷ്യസാധനങ്ങൾ എന്ന വ്യാജേനയെത്തിയ 30 കിലോ സ്വർണ്ണം അന്ന് പിടികൂടിയത്. സമാനമായ രീതിയിൽ വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെ കാർഗോ വഴി സ്വർണ്ണം കടത്താൻ വീണ്ടും വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് പുതിയ ഡി.ആർ.ഐ നീക്കത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
