വൈക്കത്തഷ്‌ടമി; സന്ധ്യാവേലകള്‍ക്ക് ഇന്ന് ആരംഭം കുറിക്കും, ഉത്സവ ക്രമീകരണം മന്ത്രി കെ. മുരളീധരൻ വിലയിരുത്തി…

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമിക്കു മുന്നോടിയായി നടത്തുന്ന സന്ധ്യാവേലകള്‍ക്ക് ഇന്ന് ആരംഭം കുറിക്കും.

12 ദിനരാത്രങ്ങള്‍ നീളുന്ന അഷ്ടമി ഉത്സവത്തിലെ രണ്ട് സന്ധ്യാവേലകളില്‍ 17ന് തുടങ്ങുന്ന പുള്ളിസന്ധ്യാവേലയുടെ കോപ്പ് തൂക്കലാണ് ഇന്ന് നടക്കുന്നത്. 17നു തുടങ്ങി 23 വരെ ഒന്നിടവിട്ട നാലു ദിവസങ്ങളിലായാണ് പുള്ളിസന്ധ്യാവേല നടക്കുന്നത്.

ദേവസ്വം അധികൃതർ ക്ഷേത്ര ചടങ്ങുകള്‍ക്കായി മംഗളവസ്തുക്കള്‍ തൂക്കി കാര്യക്കാരന് കൈമാറുന്നതാണ് കോപ്പ് തൂക്കല്‍. കലവറയില്‍ ദീപം തെളിച്ച്‌ വിഗ്നേശ്വരനെ സങ്കല്‍പിച്ച്‌ തൂശനിലയില്‍ പൂവൻപഴം സമർപ്പിക്കും. തുടർന്നാണ് കോപ്പുതൂക്കല്‍. ആദ്യം മഞ്ഞളും തുടർന്ന് ചന്ദനവും ത്രാസില്‍ തൂക്കി കൈമാറും. അഷ്ടമി ഉത്സവത്തിന് പ്രാരംഭം കുറിച്ചുള്ള അചാരപരമായ ആദ്യ പുള്ളിസന്ധ്യാവേല കോപ്പ് തൂക്കലാണ് ഇന്ന് രാവിലെ 8.45 നും 10.45 നും മധ്യേ ക്ഷേത്ര കലവറയില്‍ നടക്കുന്നത്.

രാവിലെയും വൈകുന്നേരവും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തില്‍ വാരമിരിക്കല്‍, അഭിഷേകം, പ്രാതല്‍, വിളക്ക് ചടങ്ങുകളാണ് പ്രധാനമായി ഈ ദിവസങ്ങളില്‍ നടക്കുന്നത്.

തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ ചേർത്തല, ആലപ്പുഴ പ്രദേശങ്ങള്‍ യുദ്ധം ചെയ്ത് പിടിച്ചടക്കിയപ്പോള്‍ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ ശമ്പളത്തിന്റെ പലിശകൊണ്ട് വർഷംതോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിവന്നിരുന്നതാണ് പുള്ളിസന്ധ്യാവേലയെന്നാണ് വിശ്വാസം.

അതേസമയം വൈക്കത്തഷ്ടമിയുടെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങളുടെ അവലോകനം ദേവസ്വം മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയില്‍ നടന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റ് കോംപ്ലക്സില്‍ നടന്ന യോഗത്തില്‍ കെ. ബിനിമോൻ എം എല്‍ എ , ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ദേവസ്വം സെക്രട്ടറി രാജമാണിക്യം,കോട്ടയം ജില്ല കളക്ടർ ചേതൻകുമാർ മീണ , കോട്ടയം എസ് പി സാബു മാത്യു, വൈക്കം നഗരസഭാ ചെയർപേഴ്സണ്‍ അബ്ദുള്‍ സലാം റാവുത്തർ, പാലാ ആർ ഡി ഒ ഷാഹിന രാമകൃഷ്ണൻ , ആർടിഒ ഡി. ജയരാജ്, ഇറിഗേഷൻസൂപ്രണ്ടിംഗ് എൻജിനിയർ ബിനു ബേബി, കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.വി. മിനി, വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഇന്ദുകുമാരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!