ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം നൽകിയ ഹർജിയിൽ പത്തിലധികം ന്യൂനതകൾ കണ്ടെത്തി സുപ്രീംകോടതി രജിസ്ട്രി. ഹർജിയിലെ സാങ്കേതിക പിഴവുകൾ പരിഹരിക്കണമെന്നും ആവശ്യമായ രേഖകൾ വ്യക്തതയോടെ സമർപ്പിക്കണമെന്നും രജിസ്ട്രി നിർദേശിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ രേഖയുടെ വ്യക്തമായ പകർപ്പ് ഹാജരാക്കണ മെന്നാണ് രജിസ്ട്രി ആവശ്യപ്പെട്ടിരി ക്കുന്നത്. ഹർജിയിലെ ചില പേജുകൾ വായിക്കാൻ കഴിയാത്തവിധം അവ്യക്തമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി ഫീസിൽ 200 രൂപയിലധികം കുറവുണ്ടെന്നതും കണ്ടെത്തിയ പിഴവുകളിൽ ഉൾപ്പെടുന്നു.
ഇന്ത്യ സഖ്യത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്നാണ് വിവരം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട മറ്റ് ഹർജികളും പരിഗണനയ്ക്കു വരുന്നുണ്ട്. ഇതോടൊപ്പം പ്രതിപക്ഷ നേതാക്കളുടെ ഹർജിയും കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. ഹർജി ഇന്ന് പരിഗണിച്ചില്ലെങ്കിൽ ഉടൻ വാദം കേൾക്കുന്നതിനായി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെടും.
തിരഞ്ഞെടുപ്പ് കമ്മിഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരെയും എതിർകക്ഷികളാക്കിയാണ് പ്രതിപക്ഷ നേതാക്കൾ ഹർജി സമർപ്പിച്ചിരിക്കുന്നത്.
*പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ ഒപ്പുവെച്ചു
രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും പുറമെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ഹർജിയിൽ ഒപ്പുവെച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ സൗഗത റോയ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്, സി.പി.എം. നേതാവ് എം.എ. ബേബി, സി.പി.ഐ. നേതാവ് ഡി. രാജ എന്നിവരാണ് ഇവരിൽ പ്രമുഖർ. ജെ.എം.എം. നേതാവ് മഹുവ മാഝി, എൻ.സി.പി. (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും ഹർജിയിൽ ഒപ്പുവച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലെത്തി നേരിട്ട് ഹർജി സമർപ്പിക്കാനായിരുന്നു ഇന്ത്യ സഖ്യത്തിന്റെ ആദ്യ നീക്കം. എന്നാൽ, മാർച്ച് കോടതി പരിസരത്തെത്തിയപ്പോഴേക്കും രജിസ്ട്രിയുടെ പ്രവർത്തനസമയം അവസാനിക്കാറായതിനാൽ ഓൺലൈനിലൂടെയാണ് ഹർജി ഫയൽ ചെയ്തത്. പിന്നീട് രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും സുപ്രീംകോടതിയിലെത്തി.
