വൈകുന്നേരം മുതൽ വിവിധ ബാറുകളിൽ കയറി മദ്യപാനം; നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് …

കൊച്ചി: നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് അപകടത്തിന് മുൻപ് വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി വിവരം.

ഇന്നലെ വൈകുന്നേരം മുതൽ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മദ്യപിച്ചതായി സുഹൈൽ പൊലീസിനോട് സമ്മതിച്ചതായും വിവരമുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് മടങ്ങുന്നതിനിടെയാണ് സുഹൈൽ ഓടിച്ച ആഡംബര കാർ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ റോഡരികിലൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം വിമാനത്താവളത്തിന് സമീപം ചായ കുടിച്ചശേഷം സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരുമായി സുഹൈൽ തട്ടിക്കയറിയതായുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

*218 കിലോമീറ്റർ വേഗത്തിൽ കാറോടിക്കുന്ന വിഡിയോ

അമിതവേഗത്തിൽ കാറോടിക്കുന്നതിന്റെ വിഡിയോ സുഹൈൽ നേരത്തെയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതേ ആഡംബര കാർ മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഈ വിഡിയോയും ചർച്ചയായിട്ടുണ്ട്.

ഇതിനിടെ, അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി സുഹൈലിനെ എത്തിച്ചപ്പോൾ മരിച്ച യുവാക്കളുടെ സുഹൃത്തുക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവവും ഉണ്ടായി.വസ്ത്രവ്യാപാര സ്ഥാപന ഉടമകളാണ് സുഹൈലിന്റെ മാതാപിതാക്കൾ. സുഹൈലിന് ഡ്രൈവിങ് ലൈസൻസുണ്ടെങ്കിലും അപകടത്തിൽപ്പെട്ട ആഡംബര കാർ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!