ന്നിയൂദൽഹി : ഭരണത്തലവനെന്ന നിലയിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ തന്റെ രാഷ്ട്രീയ യാത്ര ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഇത്രയും വലിയ നാഴികക്കല്ല് പിന്നിടുമെന്ന് കരുതിയിരുന്നില്ലെന്ന് മോദി പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘വികസിത് ഭാരത് സങ്കൽപ് സഭ’യിലായിരുന്നു മോദിയുടെ പ്രസംഗം.
തുടർച്ചയായ 25 വർഷത്തെ ഭരണ നേതൃത്വം ജനങ്ങളുടെ നിരന്തരമായ പിന്തുണയുടെയും അനുഗ്രഹത്തിന്റെയും ഫലമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ യാത്രയിൽ പിന്തുണച്ചവരോടും വിമർശിച്ചവരോടും നന്ദി അറിയിച്ച മോദി എതിർത്തവർ ജനാധിപത്യത്തിന്റെ ശക്തി മനസിലാക്കാൻ സഹായിച്ചെന്നും വിമർശകർ സ്വയം വിലയിരുത്താൻ പഠിപ്പിച്ചെന്നും പറഞ്ഞു.
താൻ ഇപ്പോഴും ഒരു വിദ്യാർത്ഥിയായാണ് സ്വയം കാണുന്നതെന്നും കൂടുതൽ പഠിക്കുന്നതിലൂടെ രാജ്യത്തിനായി കൂടുതൽ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൽനൂറ്റാണ്ട് പിന്നിടുന്ന യാത്രയുടെ ഈ ഘട്ടം ഓർമകൾ പുതുക്കാനുള്ള ദിവസം മാത്രമല്ലെന്നും പുതിയ പ്രതിജ്ഞകൾക്ക് ഊർജം പകരാനുള്ള അവസരമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസന യാത്രയിൽ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിനാണ് പ്രധാന്യമെന്നും മോദി പറഞ്ഞു. കൂടാതെ.എൻഡിഎ സഖ്യത്തിലെ എല്ലാ പാർട്ടികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുമെന്നും വലിയ ദേശീയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ചയ്ക്കൊപ്പം സ്വയംപര്യാപ്തത, സാങ്കേതികവിദ്യ, ഉൽപ്പാദനം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിലും ഇന്ത്യയ്ക്ക് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
25 വർഷത്തെ ഭരണനേതൃത്വം വ്യക്തിപരമായ നേട്ടമായി കാണാതെ രാജ്യത്തിനായുള്ള തുടർപ്രവർത്തനത്തിന് പുതിയ ഊർജം നൽകുന്ന ഘട്ടമായാണ് മോദി അവതരിപ്പിച്ചത്.
