ന്യൂദൽഹി : വോട്ടർപട്ടിക ക്രമക്കേടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷ ‘ഇന്ത്യ’ (INDIA) സഖ്യം നടത്തിയ പ്രക്ഷോഭത്തെത്തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും രാജ്യതലസ്ഥാനത്ത് അതീവ നാടകീയ രംഗങ്ങളും പോലീസ് സംഘർഷവും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയ പ്രതിപക്ഷ എംപിമാരെ പോലീസ് അശോക റോഡിൽ തടഞ്ഞതോടെ പ്രദേശം വീണ്ടും യുദ്ധക്കളമായി മാറി. റോഡിൽ കിടന്ന് നിസ്സഹകരണ സമരം നയിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ എംപിമാരെയും ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു നീക്കി.
കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളെക്കൂടി വിന്യസിച്ച് അതീവ സുരക്ഷാ വലയമാണ് തലസ്ഥാനത്ത് തീർത്തത്.കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആകാശവാണി ഭവന് മുന്നിൽ എട്ട് മണിക്കൂറിലേറെ നീണ്ട കുത്തിയിരിപ്പ് സമരവും അറസ്റ്റും നടന്നതിന് പിന്നാലെയാണ് പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങിയത്.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാർക്കായി ജൻപഥിലെ പ്രമുഖ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റിൽ ഒരുക്കിയ ‘ഐക്യദാർഢ്യ ലഞ്ചിന്’ ശേഷമായിരുന്നു തികച്ചും അപ്രതീക്ഷിതമായ ഈ പുതിയ സമരം. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് ബസുകളിലായി എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. ചില എംപിമാർ ത്രിവർണ്ണ പതാകയേന്തി ബസിന്റെ മുകളിൽ കയറി നിന്ന് മുദ്രാവാക്യം മുഴക്കിയപ്പോൾ നൂറുകണക്കിന് പ്രവർത്തകർ വാഹനങ്ങളെ കാൽനടയായി അനുഗമിച്ചു.
എന്നാൽ, ജന്തർ മന്തറിന് ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഷാംഗ്രി-ലാ ഹോട്ടലിന് സമീപം അശോക റോഡിൽ കൂറ്റൻ ബാരിക്കേഡുകൾ സ്ഥാപിച്ച് ഡൽഹി പോലീസ് പ്രതിപക്ഷത്തിന്റെ ബസുകൾ വഴിതടഞ്ഞു. ബാരിക്കേഡുകൾ ഭേദിച്ച് മുന്നോട്ട് നീങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെ കയ്യാങ്കളിയും ഉന്തും തള്ളുമുണ്ടായി.
ഇതിനിടെ റോഡിൽ കുത്തിയിരുന്നും പിന്നീട് നിലത്തു കിടന്നും പ്രിയങ്ക ഗാന്ധി പോലീസിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് വനിതാ പോലീസ് ഉൾപ്പെടെയുള്ള വൻ സംഘം പ്രിയങ്കയെയും രാഹുൽ ഗാന്ധിയെയും ബലമായി പിടിച്ചുയർത്തി പോലീസ് വാനിലേക്ക് കയറ്റി. ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വിട്ടയച്ചു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐ-എം, സിപിഐ, ആർജെഡി, മുസ്ലിം ലീഗ് തുടങ്ങിയ പ്രമുഖ പാർട്ടികളിലെ എംപിമാരെല്ലാം പ്രതിഷേധത്തിൽ അണിനിരന്നു. “ഗ്യാനേഷ് കുമാർ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പ് കമ്മിഷണറല്ലെന്ന് ഞങ്ങൾ രാജ്യത്തോട് പരസ്യമായി വിളിച്ചുപറയും” എന്ന് കസ്റ്റഡിയിലാകുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ ഗാന്ധി തുറന്നടിച്ചു.
കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ ചട്ടുകമാക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. അതേസമയം, സമാജ്‌വാദി പാർട്ടി എംപിമാർ ലഞ്ചിലും മാർച്ചിലും പങ്കെടുക്കാതിരുന്നത് പ്രതിപക്ഷ ഐക്യത്തിൽ ഭിന്നതയുണ്ടെന്ന രീതിയിൽ ചർച്ചകൾക്ക് വഴിവെച്ചു.
ചില പാർട്ടികൾ വിട്ടുനിന്നതിനെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ തള്ളിക്കൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിശദീകരണവുമായി രംഗത്തെത്തി. “ഇന്ന് നടന്ന ഉച്ചഭക്ഷണ വിരുന്നിലേക്ക് ‘ഇന്ത്യ’ സഖ്യത്തിലെ എല്ലാ കക്ഷികളെയും ക്ഷണിച്ചിരുന്നു. എന്നാൽ, ഈ വിരുന്ന് സംബന്ധിച്ച തീരുമാനം ഇന്നലെ രാത്രി വൈകിയാണ് എടുത്തത്; അതേസമയം തന്നെയാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചതും. അതിനാൽ, ചില കക്ഷികളുടെ പ്രതിനിധികൾക്ക് പെട്ടെന്ന് ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയത് സ്വാഭാവികമാണ്” എന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു.
ഉച്ചഭക്ഷണ വേളയിലാണ് ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനുള്ള അടിയന്തര പദ്ധതി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, വിവിധ ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷത്തിന്റെ സമരമുഖത്തേക്ക് നേരിട്ടെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചാണ് സതീശൻ അശോക റോഡിലെ പ്രതിഷേധ വേദിയിലേക്ക് എത്തിയത്. കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ പ്രതിപക്ഷം ഒന്നിച്ച് പോരാടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
