അയോധ്യയിലെ രാമക്ഷേത്രം പൂര്‍ണതയിലേക്ക്, നാളെ പ്രധാനമന്ത്രി പതാക ഉയര്‍ത്തും…

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നാളെ പൂര്‍ണതയിലേക്ക്. ആചാരപരമായ പതാക ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. രാമക്ഷേത്രവും പരിസരവും ദീപങ്ങളാല്‍ അലങ്കരിച്ചുകഴിഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദര്‍ശിക്കുന്നത്. വിവാഹ പഞ്ചമി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി സാകേത് കോളേജില്‍ നിന്ന് രാമജന്മഭൂമിയിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും. സാമൂഹിക സമത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ദലിത്, ട്രാന്‍സ്ജെന്‍ഡര്‍, അഘോരി സമുദായങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

161 അടി ഉയരമുള്ള പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളില്‍ 30 അടി ഉയരത്തില്‍ പതാക പാറിപ്പറക്കും. നിറം കാവി. പതാകയില്‍ ഓം, സൂര്യന്‍, മന്ദാരവും പാരിജാതവും ചേര്‍ത്തുണ്ടാക്കിയ കോവിദാര അഥവാ കാഞ്ചനാര മരത്തിന്റെ ചിഹ്നം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. സൂര്യന്‍ ശ്രീരാമന്റെ സൂര്യവംശത്തെ പ്രതിനിധീകരിക്കുന്നു, ഓം എന്നത് ശാശ്വതമായ ആത്മീയ ശബ്ദമാണ്. 11.58 നും ഒരുമണിക്കും ഇടയിലാണ് മുഹൂര്‍ത്തം.

വേദമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തുമ്പോള്‍ ക്ഷേത്ര മണികള്‍ കൂട്ടത്തോടെ മുഴക്കും. ചടങ്ങിന് മുന്നോടിയായുള്ള കലശയാത്ര കഴിഞ്ഞദിവസം ആരംഭിച്ചു. 551 സ്ത്രീകള്‍ കലശങ്ങളില്‍ സരയൂനദീജലം നിറച്ച് രാമന്‍ സഞ്ചരിച്ച വഴികളിലൂടെ യാത്രചെയ്യും. സമീപത്തെ ക്ഷേത്രങ്ങളില്‍ നിന്ന് രാമന്റെയും സീതയുടെയും വിവാഹ ഘോഷയാത്രകളും പ്രധാന ക്ഷേത്രങ്ങളിലേക്ക് പുറപ്പെട്ടു. പതാക ഉയര്‍ത്തല്‍ ചടങ്ങിന് മുന്‍പായി സരയൂതീരത്ത് കലശപൂജ നടത്തും.

ക്ഷണിക്കപ്പെട്ട എണ്ണായിരം പേര്‍ക്കാണ് പ്രവേശനം. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മറ്റന്നാള്‍ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു പ്രാണപ്രതിഷ്ഠ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!