ദുബായ്: സൗദി അറേബ്യയ്ക്കെതിരെ ഹൂതികളുടെ ആക്രമണം ശക്തമാകുന്നു. യെമൻ അതിർത്തിക്ക് സമീപമുള്ള സൗദിയുടെ ഖമീസ് മുഷൈത്ത് വ്യോമത്താവളത്തിന് നേരെ ഹൂതി വിമതർ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് രൂക്ഷമായ ആക്രമണം നടത്തിയതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ നിർത്തിയിടുന്ന ഹാങ്ങറുകൾ, റഡാർ സംവിധാനങ്ങൾ, റൺവേ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹോർമുസ് കടലിടുക്കിലെ സംഘർഷം തുടരുന്നതിനിടെയാണ് യെമനിൽ ഹൂതികളും വൻ സൈനിക മുന്നേറ്റം നടത്തുന്നത്.
ചെങ്കടൽ തീരത്തെ യെമൻ പ്രവിശ്യകളിൽ സൗദി പിന്തുണയുള്ള യെമൻ സേനയും ഇറാൻ അനുകൂല ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് മേഖലയിൽനിന്ന് പലായനം ചെയ്തവരുടെ എണ്ണം 85,000 കടന്നതായാണ് വിവരം.
അതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി കൂടിക്കാഴ്ച നടത്തി. ഹൂതികൾക്കെതിരായ പോരാട്ടത്തിൽ അമേരിക്കയുടെ സഹായം സൗദി തേടിയിരുന്നെങ്കിലും നേരിട്ട് യുദ്ധത്തിൽ ഇടപെടില്ലെന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
അതേസമയം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ ഒമാനിൽ നടത്താനിരുന്ന നിർണായക യോഗം മാറ്റിവച്ചു. വിഷയത്തിൽ പൊതുധാരണയിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിയതെന്ന് ഒമാൻ അറിയിച്ചു.
77 കപ്പലുകൾക്ക് ഇറാന്റെ മുന്നറിയിപ്പ്
ഹോർമുസ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി വിലക്കുപട്ടികയിലുള്ള 77 ചരക്കുകപ്പലുകളുടെ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടു. ഈ കപ്പലുകൾ വീണ്ടും ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ചാൽ പിടിച്ചെടുക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹോർമുസിന് മുകളിലൂടെ പറന്ന അമേരിക്കയുടെ എംക്യു-1 ഡ്രോണുകൾ വെടിവച്ചിട്ടതായും ഇറാൻ റവലൂഷനറി ഗാർഡ് അവകാശപ്പെട്ടു.
ഇതിനിടെ, സൗദിയുടെ എണ്ണ കയറ്റുമതിക്കും ഹൂതി നീക്കം തിരിച്ചടിയായി. പെട്രോളിയം കയറ്റുമതിക്കായി സൗദി പ്രധാനമായും ആശ്രയിക്കുന്ന ചെങ്കടലിലെ ബാബുൽ മൻദിബ് മേഖലയിൽ ഹൂതികൾ നിയന്ത്രണം ശക്തമാക്കിയതോടെ യാൻബു തുറമുഖം വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതി തടസ്സപ്പെട്ടു.
ഇതിന്റെ പ്രതിഫലനം രാജ്യാന്തര എണ്ണവിപണിയിലും പ്രകടമായി. ഇന്നലെ മാത്രം ക്രൂഡ് ഓയിൽ വിലയിൽ മൂന്ന് ശതമാനം വർധന രേഖപ്പെടുത്തി. ഇതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ബാരലിന് 107.54 ഡോളറിലെത്തി.
യാൻബുവിൽ എണ്ണശേഖരം ഏഴ് ദിവസത്തേക്ക് മാത്രം
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ചെങ്കടലിലെ യാൻബു തുറമുഖമാണ് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് സൗദി എണ്ണ എത്തിക്കുന്ന പ്രധാന മാർഗം. എന്നാൽ യാൻബുവിൽ അടുത്ത ഏഴ് ദിവസത്തേക്ക് മാത്രം കയറ്റുമതി നടത്താനുള്ള എണ്ണശേഖരമാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ട്.
തടസ്സപ്പെട്ട പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചാൽ മാത്രമേ യാൻബുവിലേക്ക് കൂടുതൽ എണ്ണ എത്തിക്കാൻ കഴിയൂ. പൈപ്പ് ലൈൻ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് സൂചന. അതുവരെ ഹോർമുസ്-ചെങ്കടൽ മേഖലയിലെ സംഘർഷം തുടർന്നാൽ ആഗോള എണ്ണവിപണിയിൽ കൂടുതൽ സമ്മർദമുണ്ടാകുമെന്ന ആശങ്ക ശക്തമാണ്.
