234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

കൊച്ചി : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പും നികുതിവെട്ടിപ്പും നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (ജിഎസ്ടി എസ്ഐടി) നിർണായക കണ്ടെത്തൽ. പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ കോടിക്കണക്കിന് രൂപയുടെ വിദേശ-ആഭ്യന്തര ഇടപാടുകളിൽ വൻതോതിൽ നികുതിച്ചോർച്ച നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചെന്നാണ് സ്പോൺസറിങ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽ ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് നവീകരണ പ്രവർത്തനങ്ങളുടെ യഥാർത്ഥ മൂല്യം 8.42 കോടി രൂപ മാത്രമാണ്. സ്പോൺസർമാർ നൽകിയ ജിഎസ്‌ടി റിട്ടേണിൽ ഇതിന്റെ മൂല്യം 14.5 കോടി രൂപയായാണ് കാണിച്ചിരിക്കുന്നത്. ഈ വ്യത്യാസം തന്നെ സുതാര്യതയില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നു.

അന്വേഷണത്തിൽ കമ്പനിയുടെ കൂടുതൽ സാമ്പത്തിക ഉറവിടങ്ങളും അക്കൗണ്ടുകളും വെളിച്ചത്തുവന്നു. ജിഎസ്‌ടി വകുപ്പിൽ വെറും ഒരു ബാങ്ക് അക്കൗണ്ട് മാത്രം വെളിപ്പെടുത്തിയ കമ്പനിക്ക് രഹസ്യമായി പ്രവർത്തിക്കുന്ന മറ്റ് 6 അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് എസ്ഐടി കണ്ടെത്തി. ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് ഡോളറായി പരസ്യവരുമാനം കൈപ്പറ്റിയ പ്രത്യേക ബാങ്ക് അക്കൗണ്ടും ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനിയുടെ ബാങ്കുകൾ വഴിയുള്ള ആകെ ഇടപാട് മൂല്യം 1098.56 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശത്തുനിന്ന് ഒഴുകിയെത്തിയ വൻതുകയും ഇതിൽ ഉൾപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളിൽ എത്തിയ ആകെ 549.22 കോടി രൂപയിൽ, വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പത്തുകയായ 212.75 കോടി രൂപ ഒഴിച്ചുള്ള തുക 336.47 കോടി രൂപയാണ്. എന്നാൽ ഇതിൽ ജിഎസ്‌ടി റിട്ടേണിൽ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയത് 102.06 കോടി രൂപ മാത്രമാണ്.

ബാക്കി വരുന്ന 234.31 കോടി രൂപയുടെ സ്രോതസ്സിനോ കണക്കുകൾക്കോ കമ്പനിയുടെ പക്കൽ വ്യക്തതയില്ല. ഈ തുകയ്ക്ക് പിന്നിൽ വലിയ തോതിലുള്ള നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും സാധ്യതയേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!