ദുബായ് : ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ മലയാളി യുവാവ് കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്.
കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് (29) നാണ് ആശ്വാസ വിധി ലഭ്യമായത്. മുൻ ജീവനക്കാരൻ ചെയ്ത വഞ്ചന കുറ്റത്തിന് കൂട്ട് നിന്നതായി ആരോപിച്ചു ദുബായിലെ പ്രമുഖ ഓട്ടോമേഷൻ കമ്പനി നൽകിയ കേസിൽ ഇദ്ദേഹവും പ്രതി ചേർക്കപ്പെടുകയാ യിരുന്നു.
കമ്പനിയിലെ മുൻ ജീവനക്കാരനായ ബാംഗ്ലൂർ സ്വദേശിയുമൊത്തു കമ്പനിയെ കബളിപ്പിച്ചു ഡൂ ടെലികമ്മ്യുണിക്കേഷനിൽ നിന്ന് വിലയേറിയ ഫോൺ കൈപ്പറ്റി ഇരുവരും കമ്പനിയെ വഞ്ചിച്ചെന്ന് ഉന്നയിച്ചു തൊഴിലുടമ ഇരുവർക്കു മെതിരെ ജബൽ അലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഉണ്ടായ നിയമ നടപടികളിൽ ദിനിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യൻ രൂപ) പിഴയും മൂന്ന് മാസം തടവും ശേഷം നാട് കടത്താനും ഫസ്റ്റ് ഇൻസ്റ്റന്റ് കോടതി വിധിച്ചു.
ഇതോടെ പ്രതിസന്ധിയിലായ ദിനിൽ യുഎഇയിലെ ഒട്ടനവധി നിയമ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ഭീമമായ വക്കീൽ ഫീസിനെ തുടർന്ന് കേസ് നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയും ശേഷം യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും സൗജന്യ നിയമസഹായത്തിലൂടെ അപ്പീൽ കോടതി മുഖാന്തിരം നടത്തിയ നിയമ മുന്നേറ്റത്തിലാണ് ദിനിൽ കുറ്റവിമുക്തനായത്.