വാഷിങ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ഉദ്യോഗസ്ഥനെ കണ്ടെത്താൻ യുഎസ് സൈന്യത്തിൽ വ്യാപക നുണ പരിശോധന. ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ അമ്പതോളം പേരെയാണ് പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് റിപ്പോർട്ട്. യുഎസ് സൈനിക ചരിത്രത്തിൽ ഇത്തരത്തിൽ കൂട്ടത്തോടെ നുണ പരിശോധന നടത്തുന്നത് ആദ്യമായാണെന്നാണ് വിവരം.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസിന്റെ ആയുധ ശേഖരത്തിൽ ഗണ്യമായ കുറവുണ്ടായെന്നതുൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ മാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് അന്വേഷണം ശക്തമാക്കിയത്. ജോയിന്റ് സ്റ്റാഫിലെ ജീവനക്കാരെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് ഓഗസ്റ്റിൽ പരിശോധന നടത്തിയതെന്ന് ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ദീർഘദൂര മിസൈലുകളുടെയും പേട്രിയറ്റ് മിസൈൽവേധ സംവിധാനങ്ങളുടെയും യുഎസ് ശേഖരത്തിൽ വലിയ കുറവുണ്ടായെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട ഇത്തരം രഹസ്യവിവരങ്ങൾ എങ്ങനെ മാധ്യമങ്ങളിലെത്തിയെന്നതിലാണ് ഇപ്പോൾ അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായ വിഷയങ്ങളിൽ പ്രതികരിക്കാനാകില്ലെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ പറഞ്ഞു. എന്നാൽ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർന്ന സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി മേയ് 5ന് ശേഷം വാർത്താസമ്മേളനം നടത്തിയിട്ടില്ല. പെന്റഗണിലേക്കുള്ള മാധ്യമ പ്രവേശനത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന്റെ പേരിലും മാധ്യമപ്രവർത്തകർക്കെതിരെ പെന്റഗൺ നടപടി സ്വീകരിച്ചിരുന്നു. ‘സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ്’ എഡിറ്റർ ഇൻ ചീഫ് എറിക് സ്ലാവിൻ, പബ്ലിഷർ മാക്സ് ലെഡെറർ, മിഡിൽ ഈസ്റ്റ് റിപ്പോർട്ടർ ലാറ കോർട്ടെ എന്നിവരെയാണ് പെന്റഗൺ പുറത്താക്കിയത്.
