ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം; മൂന്ന് കപ്പലുകൾ തകർത്തു

വാഷിങ്ടൺ : ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ വ്യോമാക്രമണം നടത്തി അമേരിക്ക. രണ്ട് യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം അമേരിക്ക തിരിച്ചടിച്ചത്. ഇറാന്റെ ആക്രമണം പരാജയപ്പെട്ടെന്നും യുഎസ് സൈനികരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഖാർഗ് ദ്വീപിന് സമീപമുണ്ടായിരുന്ന എം/ടി ഡൗണി, ജാസ്കകിന് സമീപമുണ്ടായിരുന്ന എം/ടി സ്റ്റാർക്ക് 1 എന്നിവയാണ് യുഎസ് സൈന്യം ആക്രമിച്ചത്. ഒമാൻ ഉൾക്കടലിൽ ഉണ്ടായിരുന്ന എം/ടി കൈലോ എന്ന കപ്പലും തകർത്തതായി അമേരിക്ക അറിയിച്ചു. ‘നോക്‌സൻ’ എന്ന പേരിലും അറിയപ്പെടുന്ന ഈ കപ്പലിലെ ജീവനക്കാരോട് ആക്രമണത്തിന് മുമ്പ് കപ്പൽ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിരുന്നുവെന്നും യുഎസ് വ്യക്തമാക്കി.

ഇറാന്റെ ഇസ്ല‌ാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് (ഐആർജിസി) ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്‌മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. “ഞങ്ങളുടെ രണ്ട് കപ്പലുകൾ ആക്രമിച്ചാൽ മൂന്ന് ഇറാനിയൻ കപ്പലുകൾ തകർക്കും” എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് കൂപ്പർ വ്യക്തമാക്കി. അമേരിക്കയേക്കാൾ വലിയ സാമ്പത്തിക നഷ്ടം ഇറാന് ഉണ്ടാക്കാൻ കഴിയുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

അമേരിക്കൻ സൈനികരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കൂപ്പർ പറഞ്ഞു. സാഹചര്യം കൂടുതൽ രൂക്ഷമായാൽ ഇറാന്റെ എണ്ണക്കപ്പലുകൾക്കെതിരെയും വ്യാപകമായ നടപടി സ്വീകരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!