10,880 റൺസ്! ചരിത്രമെഴുതി സ്മൃതി മന്ധാന; നിരവധി റെക്കോർഡുകൾ

ദുബൈ: വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത് ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ധാന. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി സ്മൃതി മന്ധാനയ്ക്ക് സ്വന്തം. ഹോങ്കോങിനെതിരായ വനിതാ ഏഷ്യ കപ്പ് പോരാട്ടത്തിൽ കിടിലൻ സെഞ്ച്വറി നേടിയാണ് സ്മൃതി റെക്കോർഡ് നേട്ടം അവിസ്മരണീയമാക്കിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ മിതാലി രാജിന്റെ റെക്കോർഡാണ് സ്മ‍ൃതി മറികടന്നത്.

മത്സരത്തിൽ 64 പന്തിൽ 7 സിക്സും 14 ഫോറും സഹിതം സ്മൃതി 124 റൺസെടുത്തു. മിതാലി 10,868 റൺസാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തമാക്കിയത്. സ്മൃതിയുടെ നേട്ടം 10,880ൽ എത്തി. മത്സരത്തിൽ മറ്റ് നിരവധി നേട്ടങ്ങളും സ്മൃതി സ്വന്തം പേരിൽ എഴുതി ചേർത്താണ് ക്രീസ് വിട്ടത്.

നേരത്തെ ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തിൽ തായ്ലൻഡിനെതിരായ മത്സരത്തിൽ ഇറങ്ങിയപ്പോൾ തന്നെ 19 റൺസെടുത്ത് സ്മൃതി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. ന്യൂസിലൻഡ് താരം സുസി ബെയ്റ്റ്സിനെ പിന്തള്ളിയാണ് റൺ വേട്ടയിൽ സ്മൃതി അന്ന് രണ്ടാം സ്ഥാനത്തെത്തിയത്. പിന്നാലെയാണ് ഹോങ്കോങിനെതിരെ സെഞ്ച്വറി നേടി മിതാലിയേയും പിന്തള്ളി നേട്ടത്തിൽ തലപ്പത്തെത്തിയത്.

അന്താരാഷ്ട്ര വനിതാ ടി20യിൽ‌ സ്മൃതിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ടി20യിൽ 2 സെഞ്ച്വറികളുള്ള ആദ്യ ഇന്ത്യൻ താരമായി സ്മൃതി മാറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന നേട്ടവും സ്മൃതി മത്സരത്തിൽ നേടി. 18ാം അന്താരാഷ്ട്ര ശതകമാണ് ഇന്ത്യൻ ഓപ്പണർ കുറിച്ചത്. 17 സെഞ്ച്വറികളുള്ള ഓസ്ട്രേലിയൻ താരം മെഗ് ലാന്നിങ്, ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ലോറ വോൾവാർട് എന്നിവർക്കൊപ്പം റെക്കോർഡ് പങ്കിടുകയായിരുന്നു ഇതുവരെ സ്മൃതി.

ഹോങ്കോങിനെതിരായ ശതകത്തോടെ നേട്ടം സ്മൃതി ഒറ്റയ്ക്ക് സ്വന്തമാക്കി. ടെസ്റ്റിലും ടി20യിലും 2 വീതം സെഞ്ച്വറികളും ഏകദിനത്തിൽ 14 സെഞ്ച്വറികളും സ്മൃതി ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ ടി20യിലാണ് താരം കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. 112 റൺസാണ് അന്ന് സ്വന്തമാക്കിയത്.

വനിതാ ഏഷ്യാ കപ്പ് ടി20 ചരിത്രത്തിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (124 റൺസ്) എന്ന റെക്കോർഡും ഈ ഇന്നിങ്സിലൂടെ സ്മൃതി സ്വന്തം പേരിലാക്കി. 2024ലെ ഏഷ്യാ കപ്പിൽ ശ്രീലങ്ക ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു മലേഷ്യക്കെതിരെ നേടിയ 119 റൺസിന്റെ നേട്ടമാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ തകർ‌ത്തത്.

വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

10,880- സ്മൃതി മന്ധാന

10,868- മിതാലി രാജ്

10,740- സുസി ബെയ്റ്റ്സ്

10,273- ഷാർലെറ്റ് ഏഡ്വേർഡ‍്സ്

10,007- സ്റ്റെഫാനി ടെയ്ലർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!