അടിമാലി : രാജമലയുടെ പിന്നാലെ സംസ്ഥാനത്ത് കൂടുതൽ വരയാടുകളുള്ള പ്രദേശമെന്ന പ്രത്യേകതയിലേക്ക് അടിമാലിയിലെ വരയാട്ടുമുടി. കഴിഞ്ഞ വർഷം നൂറിൽ താഴെയായിരുന്ന വരയാടുകളുടെ എണ്ണം ഇപ്പോൾ 150ന് മുകളിലെത്തിയെന്നാണ് വനംവകുപ്പിന്റെ കണക്ക്. വരയാടുകളുടെ എണ്ണം വർധിച്ചതോടെ പ്രദേശത്തെ സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
അടിമാലി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് വരയാട്ടുമുടി ഉൾപ്പെടുന്നത്. ഇവിടെനിന്ന് നേര്യമംഗലം റേഞ്ചിലെ തൊട്ടിയാറിന് എതിർവശത്തുള്ള കുതിരകുത്തിമല വരെയും പാംബ്ലയ്ക്ക് എതിർവശത്തുള്ള പനംകുട്ടി മലനിരകൾ വരെയും വരയാടുകളുടെ ആവാസകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. പ്രദേശത്തെ അനുയോജ്യമായ കാലാവസ്ഥയും മലനിരകളിലെ സ്വാഭാവിക ആവാസവ്യവസ്ഥയുമാണ് വരയാടുകളുടെ സാന്നിധ്യം വർധിക്കാൻ സഹായിക്കുന്നതെന്നാണ് വിലയിരുത്തൽ.
വരയാടുകളുടെ സംരക്ഷണത്തിന് പ്രധാന പരിഗണന നൽകി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാനാണ് വനംവകുപ്പിന്റെ നീക്കം. ചിന്നപ്പാറ ആദിവാസി ഉന്നതിയിലെ താമസക്കാരുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി ചിന്നപ്പാറ വനസംരക്ഷണ സമിതി രൂപീകരിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി റേഞ്ച് ഓഫീസർ പി.സി. രാജൻ പറഞ്ഞു.
വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഫാം ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ചിന്നപ്പാറയിൽനിന്ന് മൈനാപ്പാറ വഴി നെടുമ്പാറയിലേക്ക് സഞ്ചാരികൾക്ക് ട്രെക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
ചിന്നപ്പാറ ഉന്നതിയിലെ പ്രധാന ആകർഷണമായ അമ്പലപ്പാറ വ്യൂ പോയിന്റ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വികസിപ്പിക്കാനും പദ്ധതിയുണ്ട്. പനംകുട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് മാത്യുവിന്റെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നത്.
കോവിൽമല രാജാവ് രാമൻ രാജമന്നാൻ, ഊരുമൂപ്പൻ രാജു മണി, പഞ്ചായത്ത് അംഗങ്ങളായ എൻ. മനീഷ്, മിനി സുരേഷ് എന്നിവരുടെ സഹകരണത്തോടെയാണ് വരയാടുകളുടെ സംരക്ഷണവും ഇക്കോ ടൂറിസം വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതി മുന്നോട്ടുപോകുന്നത്. ഉന്നതിയിലെ ആർ.കെ. ചന്ദ്രൻ പ്രസിഡന്റും വനംവകുപ്പിലെ ലിയ ജോസഫ് സെക്രട്ടറിയുമായാണ് ചിന്നപ്പാറ വനസംരക്ഷണ സമിതി രൂപീകരിച്ചിരിക്കുന്നത്.
വരയാടുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനൊപ്പം തദ്ദേശീയ സമൂഹത്തിന് വരുമാനമാർഗം ഒരുക്കുകയും പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടെ പ്രകൃതിയോട് ചേർന്നുള്ള ഉത്തരവാദിത്ത ടൂറിസത്തിന് പുതിയ സാധ്യത തുറക്കുകയാണ് വരയാട്ടുമുടി.
രാജമലയ്ക്ക് പിന്നാലെ വരയാട്ടുമുടിയും; 150ലേറെ വരയാടുകൾ, ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്
