തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ് അടിക്കടി പണിമുടക്കുന്നതോടെ നട്ടംതിരിഞ്ഞ് പ്രധാനാധ്യാപകർ.
ഉച്ചഭക്ഷണ ഹാജർ, മെനു, ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിച്ച സാധനങ്ങൾ, മുട്ട, പാൽ എന്നിവയുടെ വിതരണത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റാണ് പണിമുടക്കുന്നത്.
വിവരങ്ങൾ അതത് ദിവസം രേഖപ്പെടുത്താൻ കഴിയാതെവന്നാൽ ചെലവുതുക നഷ്ടപ്പെടും. സാധനങ്ങൾ വാങ്ങുന്ന അധ്യാപകർക്കാണ് ഇൗ തുക നഷ്ടമാകുന്നത്. ഓരോ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം. എന്നാൽ മാസത്തിൽ പകുതിയും സെർവർ തകരാറാണ്. 11 പ്രവൃത്തി ദിവസങ്ങൾ മാത്രമുണ്ടായിരുന്ന ആഗസ്ത് മാസത്തിൽ, ആറ് ദിവസമാണ് വെബ്‌സൈറ്റ് നിലച്ചത്.
കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പ്രയാസപ്പെടുന്ന പ്രധാനാധ്യാപകർ ഇതോടെ വലിയ പ്രതിസന്ധിയിലാണ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ ഫണ്ടുകളുടെ വിതരണം ട്രഷറി വഴിയാക്കിയത് പ്രയാസം ഇരട്ടിയാക്കി. ഇനി നൂൺ മീൽ ഓഫീസർ ബിൽ പാസാക്കിയശേഷം സ്‌റ്റേറ്റ്‌മെന്റും ബിംസ് പോർട്ടൽ മുഖേന തയ്യാറാക്കിയ ഓൺലൈൻ ബില്ലും ട്രഷറിയിൽ നൽകണം.
ഇതിനൊപ്പം ഒരു മാസം സാധനങ്ങൾ വാങ്ങിയതടക്കമുള്ള മുഴുവൻ വൗച്ചറുകളും ട്രഷറിയിൽ സമർപ്പിക്കണം. സാങ്കേതിക കാരണത്താൽ ട്രഷറിയിൽ ബില്ല് നിരസിച്ചാൽ വീണ്ടും പ്രധാനാധ്യാപകർ ഇതിനായി കയറിയിറങ്ങേണ്ടി വരും.
