തൃശൂർ : ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തെ ഉത്സവപ്പറമ്പാക്കി മാറ്റിയ പുലിക്കളിയിൽ 9 സംഘങ്ങളിലായി നാനൂറ്റിയമ്പതോളം കലാകാരന്മാർ അണിനിരന്നു.
സ്വരാജ് റൗണ്ടിലും പരിസരങ്ങളിലും തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങൾ നഗരത്തിലൂടെ ചുവടുവെച്ചു. ചെണ്ടമേളങ്ങളുടെയും തകിലിന്റെയും താളത്തിനൊത്തുള്ള പുലികളുടെ ചുവടുകളും വർണ്ണാഭമായ നിശ്ചലദൃശ്യങ്ങളും കാണികളെ ഒരുപോലെ വിസ്മയിപ്പിച്ചു.
കേരളത്തിന്റെ തനതായ ഈ നാടൻകലാരൂപത്തെ കൺകുളിർക്കെ കാണാൻ ഒട്ടനവധി വിദേശ വിനോദസഞ്ചാരികളും തൃശൂർ നഗരത്തിലേക്ക് എത്തിയിരുന്നു. മഴ മാറിയ അന്തരീക്ഷം കാണികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.
