കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സ്വര്‍ണക്കൊള്ള വിഷയത്തിലടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളില്‍ തുറന്ന സംവാദത്തിന് തയ്യാറാണ്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളില്‍ നിരവധി തെറ്റായ കാര്യങ്ങളുണ്ട്. പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണിപ്പോഴെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ ലോകം അമ്ബരന്ന് നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയും വരെ മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ശബരിമലയിലെ സ്വര്‍ണം കോടീശ്വരന് വിറ്റുവെന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വര്‍ണത്തിന് തൂക്കത്തേക്കാള്‍ മൂല്യമുള്ളതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
