മലപ്പുറം: ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് പൊന്നാനി തീരത്ത് അഞ്ച് വീടുകൾ കൂടി കടലെടുത്തു. രണ്ട് ദിവസം മുൻപ് തന്നെ കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഓരോ മഴക്കാലവും കടൽക്ഷോഭവും തീരദേശവാസികൾക്ക് ഭീതിയുടെ നാളുകളാണ്. കടലാക്രമണം ശക്തമായതോടെ വീടുകളിൽ താമസിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്ത് വർഷങ്ങളായി കടലാക്രമണം തുടരുന്നതിനിടെ മുമ്പ് തീരത്തുണ്ടായിരുന്ന 25-ഓളം വീടുകൾ വിവിധ വർഷങ്ങളിലായി കടലെടുത്തതായി നാട്ടുകാർ പറയുന്നു. ഓരോ വർഷവും കിടപ്പാടങ്ങൾ നഷ്ടപ്പെടുമ്പോഴും സ്ഥിരമായ പരിഹാരമൊന്നും ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി.
തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകൾ. കഠിനാധ്വാനം ചെയ്ത് നിർമ്മിച്ച വീടുകൾ കടലിൽ തകർന്നതോടെ പല കുടുംബങ്ങളും ദുരിതാശ്വാസ ജീവിതത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. മഴക്കാലങ്ങളിൽ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും സന്ദർശിച്ച് താൽക്കാലിക ആശ്വാസ വാഗ്ദാനങ്ങൾ നൽകാറുണ്ടെങ്കിലും, ശക്തമായ കടൽഭിത്തി ഉൾപ്പെടെയുള്ള ശാശ്വത സംരക്ഷണ നടപടികൾ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ തീരദേശ മേഖലകളിൽ കൂടുതൽ സുരക്ഷാ നടപടികളും ദീർഘകാല തീരസംരക്ഷണ പദ്ധതികളും അടിയന്തരമായി നടപ്പാക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.
