സിപിഎമ്മിനോട് ഇടഞ്ഞ് ഇ പി ജയരാജൻ;  കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിലും എത്തിയില്ല

കണ്ണൂർ : എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കിയത് മുതലുള്ള നിസഹകരണം തുടർന്ന് ഇ.പി ജയരാജൻ. പാർട്ടി നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്തിട്ടും പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമൊടുവില്‍ കണ്ണൂരില്‍ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തില്‍നിന്നാണ് ഇ.പി ജയരാജൻ വിട്ടുനിന്നത്.

ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് ഇ.പി ജയരാജൻ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ഇ.പി ജയരാജൻ ചികിത്സയിലാണെന്നും രാവിലെ വീട്ടില്‍ പോയാല്‍ കാണാമെന്നും എം.വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിട്ടുനില്‍ക്കുന്നത് അതൃപ്തി മൂലമല്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയില്‍ ഇ.പി പങ്കെടുക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു.

അതേസമയം, ഇ.പി ജയരാജൻ വിട്ടുനിന്ന പാർട്ടി പരിപാടിയില്‍ പരോക്ഷ വിമർശനവുമായി പി.ബി അംഗം എം. വിജയരാഘവൻ രംഗത്തെത്തി. കമ്യൂണിസ്റ്റ് പാർട്ടിയില്‍ ആയാലും ചിലയാളുകള്‍ക്ക് തെറ്റായ ധാരണകള്‍ ഉണ്ടാവുമെന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഞാൻ പാർട്ടിക്കുവേണ്ടി കുറെ ചെയ്തു, എനിക്ക് ഈ പാർട്ടി തിരിച്ചൊന്നും ചെയ്തില്ല’ എന്ന് ചിന്തിക്കുന്നവരാണെന്ന് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടാത്തപ്പോഴും പിബി അംഗത്വം നിഷേധിക്കപ്പെട്ടപ്പോഴും ഇതേ നിലപാടായിരുന്നു ഇ.പി ജയരാജൻ സ്വീകരിച്ചത്. അന്നൊക്കെ സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രവർത്തനങ്ങളിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്തത്. നിലവില്‍, സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേർന്നാണ് ഇ.പിയെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.അതിനുശേഷം ഇതുവരെ പാർട്ടി പരിപാടികള്‍ അദ്ദേഹം പങ്കെടുക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇന്ന് കണ്ണൂരില്‍ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിനും അദ്ദേഹം എത്താതിരുന്നത്. ഇ.പിയെ പരിപാടിയിലേക്ക് ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി വാർത്താക്കുറിപ്പില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ലോക്സഭാ തെര‍ഞ്ഞെടുപ്പിന് മുമ്ബ് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇ.പിയുടെ കസേര തെറിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!