കോട്ടയത്ത് വിദ്യാർത്ഥികളുടെ യാത്രാസുരക്ഷയ്ക്കായി നടത്തിയ പോലീസ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ…!

കോട്ടയം: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എറണാകുളം റേഞ്ച് പോലീസിന്റെ നേതൃത്വത്തിൽ സ്കൂൾ–കോളേജ് ബസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശോധന നടത്തി. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം ജൂലൈ 13-ന് രാവിലെ 6 മണി മുതൽ റേഞ്ച് തലത്തിൽ നടന്ന കോമ്പിംഗ് ഓപ്പറേഷനിലാണ് വ്യാപക പരിശോധന നടത്തിയത്.

എറണാകുളം റേഞ്ചിന് കീഴിലുള്ള എല്ലാ ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിൽ ജില്ലാതലത്തിലും സ്റ്റേഷൻ തലത്തിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരുന്നു പരിശോധന. സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ഡ്രൈവർമാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ ബ്രത്ത് അനലൈസർ ഉൾപ്പെടെയുള്ള പരിശോധനകളാണ് നടത്തിയത്.

കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം. ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി വിന്യസിച്ചു. ജില്ലയിൽ 488 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1,229 ബസ് ഡ്രൈവർമാരെ പരിശോധിച്ചതിൽ 17 പേർ മദ്യപിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

വിദ്യാർത്ഥികളുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ തടയുന്നതിനുമായാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകളും കർശന നടപടികളും തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!