കോട്ടയം: കോട്ടയം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളും പരിസരവും ക്ലീനാവുന്നു. ഉപയോഗശൂന്യ വാഹനങ്ങള്‍ ലേലത്തിന്, ഇ- മാലിന്യങ്ങള്‍ ക്ലീൻ കേരള കമ്പനിക്ക്.
ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ‘സ്‌പേസ്’ പദ്ധതി പ്രകാരം വിപുലമായ ശുചീകരണമാണ് നടക്കുന്നത്. വർഷങ്ങളായി സ്റ്റേഷൻ മുറ്റങ്ങളില്‍ കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍, ഇ-മാലിന്യങ്ങള്‍, പഴയ രേഖകളും കടലാസുകളും ഉള്‍പ്പെടെയുള്ള അനാവശ്യവസ്തുക്കള്‍ നീക്കും.
ജില്ലയിലെ എല്ലാ സ്റ്റേഷനുകളുടെയും മുറ്റത്ത് കിടക്കുന്ന വാഹനങ്ങളുടെ പട്ടിക തയാറായിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ നിലവില്‍ നീക്കം ചെയ്യില്ല. വിചാരണ പൂർത്തിയായ കേസുകളിലെ വാഹനങ്ങളുടെ പട്ടിക പ്രത്യേകം തയാറാക്കി നിയമാനുസൃതമായി ലേലം ചെയ്യും.
ഓരോന്നിന്റേ വിലയും നിശ്ചയിച്ചു. വിവിധ ഓഫീസുകളില്‍ നിന്നുള്ള ഇ-മാലിന്യങ്ങള്‍ എ.ആർ. ക്യാമ്പ് പരിസരത്ത് എത്തിച്ച ശേഷം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനിയുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്.
