ഹരിപ്പാട് കയർ ഫാക്ടറിക്ക് സമീപം മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

ഹരിപ്പാട് : കയർ ഫാക്ടറിക്ക് സമീപം നിക്ഷേപിച്ച ചകിരിയുടെ മാലിന്യ കൂമ്പാരത്തിൽ വൻ തീപ്പിടിത്തം. ആറാട്ടുപുഴ പത്തിശേരി ജംഗ്ഷനിലെ സീസൺ കയർ ഫാക്ടറിയിൽ നിന്നും പുറന്തള്ളിയ ചകിരിയുടെ വൻ കൂമ്പാരത്തിലാണ് ഇന്ന് രാവിലെ  തീ പടർന്നു പിടിച്ചത്.

തീ പടർന്നു പിടിക്കുന്നതായി ഫാക്ടറിയിലെ തൊഴിലാളികൾ ആണ് കണ്ടത്. തൊഴിലാളികളും നാട്ടുകാരും ചേർന്ന് കായലിൽ നിന്നും വെള്ളമൊഴിച്ചു തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തൊട്ടടുത്തുള്ള ഫാക്ടറിയിലേക്കും വീടുകളിലേക്കും തീ പടരുന്നത് ഇവരുടെ സംയോജിതമായ ഇടപെടൽ മൂലം തടയാൻ കഴിഞ്ഞു.

അഗ്നി രക്ഷാസേനയെ അറിയിച്ചതിനെ തുടർന്ന് കായംകുളം ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നും നാല് യൂനിറ്റ് എത്തി. അഗ്നി രക്ഷാ സേനയോടൊപ്പം നാട്ടുകാരും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ചകിരിക്കൂനയുടെ ഉള്ളിലേക്ക് തീ പടർന്നതിനാൽ അഞ്ച് മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് തീ കുറെയെങ്കിലും അണക്കാൻ കഴിഞ്ഞത്.

രണ്ട് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ചകിരി നീക്കി ഉള്ളിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തിയാണ് തീ ആളിപ്പടരുന്നത് കുറക്കാൻ കഴിഞ്ഞത്. തൊട്ടടുത്ത് കായൽ ഉണ്ടായതിനാൽ ഫയർ ഫോഴ്സിന് വെള്ളം ശേഖരിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. അപകടാവസ്ഥ ഒഴിവാക്കിയതിന് ശേഷം അഗ്നിരക്ഷാസേന മടങ്ങിയെങ്കിലും തീ പുകഞ്ഞുകൊണ്ടിരുന്നു. ശേഷവും മോട്ടോറുകൾ സ്ഥാപിച്ച് കായലിൽ നിന്നും പമ്പ് ചെയ്യുന്നത് രാത്രി വരെ തുടർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!